കൊല്ലം: ക്വയിലോൺ ബീച്ച് ഹോട്ടലിൽ നടക്കുന്ന ബി.ജെ.പി സംസ്ഥാന സമിതി യോഗം ബി.ജെ.പി ദേശീയ അദ്ധ്യക്ഷനും കേന്ദ്ര മന്ത്രിയുമായ ജെ.പി.നദ്ദ ഇന്ന് ഉദ്ഘാടനം ചെയ്യുമെന്ന് കൊല്ലം വെസ്റ്റ് ജില്ലാ കമ്മിറ്റി പ്രസിഡന്റ് എസ്. പ്രശാന്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

രാവിലെ തിരുവനന്തപുരത്ത് എത്തുന്ന ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ നേതാക്കളെ കണ്ടശേഷം വാഹനമാർഗം കൊല്ലം അമൃതപുരിയിലേക്ക് എത്തും. മാതാ അമൃതാനന്ദമയി ദേവിയുടെ 72 -ാം ജന്മദിനാഘോഷത്തിന്റെ ഭാഗമാകും. ഉച്ചയോടെ കൊല്ലത്ത് നടക്കുന്ന ബി.ജെ.പി സംസ്ഥാന സമിതി യോഗം ജെ.പി.നദ്ദ ഉദ്ഘാടനം ചെയ്യും. വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളും സമകാലിക വിഷയങ്ങളിലെ സമര പരിപാടികളും സംസ്ഥാന സമിതിയിൽ ചർച്ചയാകും. കൊല്ലം ബീച്ച് ഓർക്കിഡിൽ രാവിലെ മുതൽ ജില്ലാ പ്രഭാരി, പ്രസിഡന്റ് യോഗം നടക്കും. കേന്ദ്ര സർക്കാരിന്റെ വികസന പദ്ധതികളെക്കുറിച്ച് വാർഡ് തലങ്ങളിൽ പ്രചാരണം ശക്തമാക്കും.

ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, സംസ്ഥാന ജനറൽ സെക്രട്ടറിമാർ തുടങ്ങി മുതിർന്ന നേതാക്കൾ സംസ്ഥാന സമിതി യോഗത്തിൽ മാർഗനിർദ്ദേശങ്ങൾ നൽകും. വാർത്താസമ്മേളനത്തിൽ ജില്ലാ ജനറൽ സെക്രട്ടറിമാരായ പ്രകാശ് പാപ്പാടി, ഇടവട്ടം വിനോദ്, മീഡിയ കൺവീനർ പ്രതിലാൽ എന്നിവർ പങ്കെടുത്തു.