ddd
ചിതറ എസ്.എൻ.എച്ച്.എസ്.എസ്. എൻ.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തിൽ 'കാഹളം മുഴങ്ങട്ടെ' എന്ന 21 ദിവസത്തെ ചലഞ്ചുകളിലെ ആദ്യ പരിപാടിയായ ഭീമൻ മനുഷ്യ വലയം തീ‌ർത്ത വിദ്യാർത്ഥികൾ

ചിതറ: ഹയർ സെക്കൻഡറി വിദ്യാർത്ഥികളുടെ സർഗശേഷിയും ഊർജ്ജവും ലക്ഷ്യബോധത്തോടെ പ്രയോജനപ്പെടുത്തി വ്യക്തിത്വം സമഗ്രമായി വികസിപ്പിച്ചെടുക്കാൻ ലക്ഷ്യമിട്ട് നടപ്പാക്കുന്ന 'ജീവിതോത്സവം 2025' പദ്ധതിക്ക് ചിതറയിൽ തുടക്കമായി. പദ്ധതിയുടെ ഭാഗമായി ചിതറ എസ്.എൻ.എച്ച്.എസ്.എസ്. എൻ.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തിൽ 'കാഹളം മുഴങ്ങട്ടെ' എന്ന 21 ദിവസത്തെ ചലഞ്ചുകളിലെ ആദ്യ പരിപാടിയായ ഭീമൻ മനുഷ്യ വലയം വിദ്യാർത്ഥികൾ ഒരുക്കി. വ്യാപാര വ്യവസായികൾ, തൊഴിലാളികൾ, കർഷകർ, രാഷ്ട്രീയ പ്രവർത്തകർ, പൂർവ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, വയോജനങ്ങൾ തുടങ്ങിയ വിവിധ മേഖലയിലുള്ളവരെല്ലാം ഒന്നിച്ചണിനിരന്ന പരിപാടിയിൽ 1500ൽ അധികം ആളുകൾ പങ്കെടുത്തു. ഗ്രൗണ്ടിൽ തീർത്ത ഭീമൻ മനുഷ്യ വലയത്തിന്റെ ഉദ്ഘാടനം ചിതറ പഞ്ചായത്ത് പ്രസിഡന്റ് മടത്തറ അനിൽ ആദ്യ കണ്ണിയായി ചേർന്ന് നിർവഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അബൂട്ടി മോഹൻ മുഖ്യ അതിഥിയായി പങ്കെടുത്തു. സ്കൂൾ പ്രിൻസിപ്പൽ വി.എസ്. ബീന എൻ.എസ്.എസ് സന്ദേശം നൽകി. സ്റ്റാഫ് സെക്രട്ടറി എസ്.വി.പ്രസീദ് , എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ പ്രിജി ഗോപിനാഥ്, പി.ടി.എ അംഗം പ്രിജിത്, എൻ.എസ്.എസ് വോളണ്ടിയർ ലീഡർമാർമാരായ ജെ.ആർ.മുഹമ്മദ് , ബി.നക്ഷത്ര , മുഹമ്മദ് സഹിൽ, അഫ്സന എസ്.ഷൈജു, എസ്. അൻസൽന എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.