phot
പത്തനാപുരം ജംഗ്ഷനിൽ സ്ഥിതി ചെയ്യുന്ന ഇടുങ്ങിയ കെ.എസ്.ആർ.ടി.സി ബസ് ഡിപ്പോ.

പത്തനാപുരം: പത്തനാപുരം കെ.എസ്.ആർ.ടി.സി. ബസ് ഡിപ്പോയിലെ സ്ഥലപരിമിതി യാത്രക്കാർക്കും ജീവനക്കാർക്കും കടുത്ത ബുദ്ധിമുട്ടാകുന്നു. ഡിപ്പോ സൗകര്യപ്രദമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കണമെന്നാണ് ആവശ്യം. കൊട്ടാരക്കര കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഷെഡ്യൂളുകൾ നടത്തുന്ന പ്രധാന ഡിപ്പോയായിട്ടും, നിലവിലെ ഇടുങ്ങിയ സാഹചര്യത്തിൽ ബസുകൾ പാർക്ക് ചെയ്യാനോ, റോഡിൽ നിന്ന് അകത്തേക്കും പുറത്തേക്കും പ്രവേശിക്കാനോ കഴിയാതെ ഡിപ്പോ വീർപ്പുമുട്ടുകയാണ്. നിലവിലെ സൗകര്യപ്രദമല്ലാത്ത കെട്ടിടവും, ഇടുങ്ങിയ വിശ്രമകേന്ദ്രവും, ഡിപ്പോയ്ക്ക് സമീപത്തെ ഇടിഞ്ഞു വീഴാറായ കരിങ്കൽക്കെട്ടും യാത്രക്കാർക്കും ജീവനക്കാർക്കും ഒരുപോലെ ഭീഷണിയായി മാറിയിരിക്കുകയാണ്.

പ്രധാന നിർദ്ദേശങ്ങൾ

  1. സ്ഥലം മാറ്റി സ്ഥാപിക്കൽ: പത്തനാപുരം - കുന്നിക്കോട്, പുനലൂർ - മൂവാറ്റുപുഴ പാതകൾക്ക് സമീപത്തായി പുതിയ ബസ് ഡിപ്പോ പണിയണം.

  2. വനം വകുപ്പിന്റെ ഭൂമി ഏറ്റെടുക്കൽ: പുതിയ സ്ഥലം ലഭ്യമല്ലെങ്കിൽ, നിലവിലെ ഡിപ്പോയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന വനം വകുപ്പിന്റെ തടി ഡിപ്പോയുടെ ഭൂമി കൂടി ഏറ്റെടുക്കണം. ആവശ്യത്തിന് ഭൂമി ഏറ്റെടുത്താൽ നിലവിലെ ഡിപ്പോ ആധുനിക സൗകര്യങ്ങളോടെ നവീകരിക്കാനും, പത്തനാപുരം ടൗണിന്റെ തന്നെ രൂപം മാറ്റാനും കഴിയും.

മന്ത്രി അറിയുന്നുണ്ടോ മണ്ഡലത്തിലെ ദുരിതം

വകുപ്പ് മന്ത്രിയുടെ മണ്ഡലത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ ഡിപ്പോയിലെ യാത്രക്കാരുടെ ബുദ്ധിമുട്ട് വർദ്ധിക്കുമ്പോഴും, സമീപത്തെ പുനലൂർ ബസ് ഡിപ്പോ നവീകരിക്കാൻ അഞ്ച് കോടി രൂപ അനുവദിക്കുമെന്ന പ്രഖ്യാപനം നടത്തിയിട്ടുണ്ട്. ദീർഘദൂര സർവീസുകൾക്കും അന്തർസംസ്ഥാന സർവീസുകൾക്കും പ്രാധാന്യമുള്ള പത്തനാപുരം ഡിപ്പോയെ ജില്ലയിലെ മികച്ച ഡിപ്പോയാക്കി മാറ്റാൻ സ്ഥലപരിമിതിയാണ് പ്രധാന തടസം.

പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതക്കും പത്തനാപുരം - കുന്നിക്കോട് പാതക്കും അഭിമുഖമായി സ്ഥിതി ചെയ്യുന്ന ഈ ഡിപ്പോ അത്യാധുനിക സൗകര്യങ്ങളോടെ നവീകരിക്കുന്നത് പത്തനാപുരം ടൗണിന് തന്നെ വലിയ മാറ്റമുണ്ടാക്കും