photo-
മെഹർഖാൻ, ചേന്നല്ലൂർ

ക്ലാപ്പന: കായംകുളം കൊറ്റുകുളങ്ങര മുതൽ കൊല്ലം കാവനാട് വരെയുള്ള ദേശീയപാതയുടെ നിർമ്മാണം 71ശതമാനം പൂർത്തിയായെന്ന് അവകാശപ്പെടുമ്പോഴും, ഓച്ചിറ ഭാഗത്ത് കാര്യങ്ങൾ 'ഒച്ചിഴയും' വേഗതയിൽ. ഓച്ചിറ മുതൽ ചങ്ങൻകുളങ്ങര വരെയുള്ള ഭാഗത്താണ് നിർമ്മാണത്തിലെ അലംഭാവവും ഗുരുതരമായ വീഴ്ചകളും ജനജീവിതം ദുസഹമാക്കുന്നത്.

സർവീസ് റോഡ് ഗതാഗതയോഗ്യമല്ല, വെള്ളക്കെട്ട് പതിവ്

ഓച്ചിറ, കുലശേഖരപുരം പഞ്ചായത്തുകളിലെ കിഴക്കൻ പ്രദേശങ്ങളിൽ നിന്നും ഒഴുകിയെത്തുന്ന വെള്ളം പടിഞ്ഞാറേക്ക് കടന്നുപോകേണ്ട എട്ടോളം കലുങ്കുകളുടെ പണി പൂർത്തിയായിട്ടില്ല. ഇതിനു പുറമെ, ജപ്പാൻ കുടിവെള്ള പദ്ധതിയുടെ മൂന്നടി വ്യാസമുള്ള പൈപ്പും കലുങ്കിന്റെ അടിനിരപ്പും ഒരേ നിരപ്പിലായതും നീരൊഴുക്ക് തടസപ്പെടുത്തുന്നു. ഒരു നല്ല മഴ പെയ്താൽ ഓച്ചിറ പഴയ ഹൈവേയിലെ പെട്രോൾ പമ്പ് മുതൽ തെക്കോട്ടുള്ള പ്രദേശം മുഴുവൻ വെള്ളക്കെട്ടാകും. സർവീസ് റോഡ് ഗതാഗതയോഗ്യമായിട്ടില്ല. ഓടയുടെ പണിപോലും തീർന്നിട്ടില്ല.

പ്രധാനപാതയിലും തടസങ്ങൾ

പ്രധാനപാതയുടെ ടാറിംഗ് ജോലികൾ കുറെയധികം നടന്നിട്ടുണ്ടെങ്കിലും,ഓരോ 200-300 മീറ്ററിടവിട്ട് മൂന്ന് മീറ്റർ വീതിയിലും 15-30 മീറ്റർ നീളത്തിലും പണി പൂർത്തിയാക്കാതെ ബാരിക്കേഡ് വെച്ച് തടഞ്ഞിരിക്കുന്നു. കൂടാതെ, ടോൾപ്ലാസ വരുന്ന തെക്കേ ട്രാഫിക് സിഗ്നൽ മുതൽ ചേന്നല്ലൂർ ഫാഷൻ ഹോംസ് വരെയുള്ള ഭാഗത്ത് കോൺക്രീറ്റ് റോഡ് നിർമ്മാണം ആറ് മാസത്തിലധികമായിട്ടും പകുതിപോലും പൂർത്തിയായിട്ടില്ല. ഈ ഭാഗത്തുകൂടി വാഹനങ്ങൾ കടന്നുപോകാൻ വളരെ ഇടുങ്ങിയ സൗകര്യം മാത്രമാണുള്ളത്.

യോഗതീരുമാനം അവഗണിച്ച് കമ്പനി

ഓച്ചിറ അണ്ടർപാസേജിൽ റീട്ടെയ്നിംഗ് വാളിന്റെ പണി കാര്യമായി നടന്നിട്ടില്ല. ഈ ഭാഗത്തെ സർവീസ് റോഡിന്റെ പണിയിൽ ഗുരുതരമായ വീഴ്ചയാണ് ഉണ്ടായിട്ടുള്ളത്. ഇത് വഴി ടൂവീലർ യാത്ര പോലും അസാദ്ധ്യമാണ്.

പ്രദേശത്തെ എം.പി., എം.എൽ.എ എന്നിവർ പങ്കെടുത്ത യോഗത്തിൽ സർവീസ് റോഡിന്റെ പണി പൂർത്തിയാക്കി ഗതാഗത സൗകര്യം ഒരുക്കണമെന്ന് തീരുമാനിച്ചെങ്കിലും നിർമ്മാണക്കമ്പനിയായ വിശ്വസമുദ്ര എൻജിനിയറിംഗ് പ്രൈവറ്റ് ലിമിറ്റഡ് യോഗ തീരുമാനങ്ങളെ അവഗണിക്കുകയാണ്.

വർദ്ധിക്കുന്ന അപകടങ്ങൾ

ദേശീയപാതാ നിർമ്മാണത്തിനിടെ ഈ പ്രദേശത്ത് മാത്രം വിവിധ അപകടങ്ങളിലായി പത്തോളം ജീവൻ നഷ്ടപ്പെട്ടു. നിർമ്മാണക്കമ്പനിയുടെ അനാസ്ഥക്കെതിരെ നിയമനടപടി സ്വീകരിക്കണമെങ്കിൽ ഹൈദരാബാദ് കോടതിയെയാണ് സമീപിക്കേണ്ടതെന്ന ഗതികേടും നിലനിൽക്കുന്നു. ഉദ്യോഗസ്ഥരിൽ അധികവും ആന്ധ്രാക്കാരായതിനാൽ മലയാളം അറിയാത്തതും പരാതികൾക്ക് തടസമാകുന്നു.

ദേശീയപാത നല്ലൊരു വിഭാഗം ജനങ്ങളുടെ ജീവിത സൗകര്യങ്ങൾ വർദ്ധിപ്പിയ്ക്കുമ്പോൾ സമൂഹത്തിന്റെ അടിത്തട്ടിൽ കഴിയുന്ന മററ്റാരു വിഭാഗത്തെ ഏറെ ദുരിതത്തിലാക്കുന്നു. കൂലിപ്പണിക്കാർ, വീട്ടുജോലി ചെയ്ത് ഉപജീവനം നടത്തുന്നവർ തുടങ്ങി നിർദ്ധന വിഭാഗങ്ങൾക്കുണ്ടാകുന്ന തൊഴിൽ നഷ്ടം ഭീകരമാണ്. വികസിത രാജ്യങ്ങളിൽ തദ്ദേശ വാസികളുടെ താല്പര്യങ്ങൾ സംരക്ഷിച്ചു കൊണ്ടാണ്പദ്ധതികൾ ആസൂത്രണം ചെയ്യുന്നത്. ഓച്ചിറയുടെ കാര്യമെടുത്താൽ സ്വന്തമായി വാഹനമില്ലാത്തവർക്കും ഓച്ചിറ ക്ഷേത്രത്തിൽ പോകുന്ന വൃദ്ധരായ ഭക്തജനങ്ങൾക്കും നഷ്ടവും യാത്രാദുരിതവും ഉണ്ടാക്കുന്നു. ഓച്ചിറയിലെ നിർദ്ധന വിഭാഗം, വൃദ്ധർ, വിദ്യാർത്ഥികൾ, ബസ് യാത്രക്കാർ, പാസഞ്ചർ ട്രെയിനെമാത്രം ആശ്രയിക്കുന്ന റെയിൽവേ യാത്രക്കാർ തുടങ്ങിയവർക്കുണ്ടാകാൻ പോകുന്ന ബുദ്ധിമുട്ടുകൾ ആശങ്കപ്പെടുത്തുന്നു. അതിനൊക്കെ പരിഹാരം കാണാൻകഴിയുന്നത് ഇപ്പോൾ മാത്രമാണ്. അതിനാൽ റെയിൽവേ റോഡിന്റെ പ്രവേശന കവാടത്തിൽ കാൽനടയാത്രക്കാർക്കും ടൂവീലർ യാത്രക്കാർക്കും ഒരു ആംബുലൻസിനും കടന്നുപോകാൻ കഴിയുന്ന ഒരു അണ്ടർ പാസ് സ്ഥാപിക്കുവാൻ സർക്കാരും ജനപ്രതിനിധികളും നാഷണൽ ഹൈവേ അതോറിറ്റി ഉദ്യോഗസ്ഥരും മുൻകൈയ്യെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

മെഹർഖാൻ, ചേന്നല്ലൂർ.