നിർദ്ദേശങ്ങൾ പാലിക്കാതെ കുളക്കട ഗ്രാമപഞ്ചായത്ത് അധികൃതർ
പുത്തൂർ : മാലിന്യ സംസ്കരണ പ്ളാന്റുണ്ട്, ശുചീകരണ തൊഴിലാളികളുണ്ട്, എന്നിട്ടും പുത്തൂരിലെ ഹൈടെക് മാർക്കറ്റ് പരിസരം വൃത്തികേട്. മുൻഭാഗത്ത് വൃത്തിയാക്കൽ ജോലികൾ മുറപോലെ നടക്കുന്നുണ്ടെങ്കിലും പിൻഭാഗമാകെ മാലിന്യം ചിതറി പുഴുനുരയ്ക്കുകയാണ്. മാലിന്യ സംസ്കരണ പ്ളാന്റിന് സമീപത്തുതന്നെയാണ് മാലിന്യം നിക്ഷേപിക്കുന്നതെന്നതാണ് പ്രത്യേകത. ഇവിടം തെരുവ് നായകളുടെ താവളവുമായി മാറുകയാണ്.
മന്ത്രി ഇടപെട്ടിട്ടും മാറ്റമില്ല
കിഫ്ബി സഹായത്തോടെ 2.84 കോടി രൂപ മുടക്കി നിർമ്മിച്ച ഹൈടെക് മത്സ്യമാർക്കറ്റ് 2024 ആഗസ്റ്റ് 30ന് ആയിരുന്നു ഉദ്ഘാടനം ചെയ്ത് നാടിന് സമർപ്പിച്ചത്. മന്ത്രി കെ.എൻ.ബാലഗോപാലിന്റെ അദ്ധ്യക്ഷതയിൽ മന്ത്രി സജി ചെറിയാനാണ് അന്ന് മാർക്കറ്റ് ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടന ശേഷവും മാർക്കറ്റ് ശുചീകരണ കാര്യത്തിൽ അലംഭാവം കാട്ടിയത് ഒരു മാസം കഴിഞ്ഞപ്പോൾത്തന്നെ കേരള കൗമുദി വാർത്തയായി പ്രസിദ്ധീകരിച്ചു. മന്ത്രി കെ.എൻ.ബാലഗോപാൽ വിഷയത്തിൽ ഗൗരവമായി ഇടപെടുകയും ഉടമസ്ഥാവകാശമുള്ള കുളക്കട ഗ്രാമപഞ്ചായത്ത് അധികൃതർക്ക് ശുചീകരണ കാര്യത്തിൽ കർശന നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. ഏറെക്കാലം വൃത്തിയോടെ പരിപാലിച്ചുവെങ്കിലും ഇപ്പോൾ മാർക്കറ്റിൽ വേണ്ടുംവിധം ശുചീകരണം നടക്കുന്നില്ല.
കടമുറികൾ അടഞ്ഞുതന്നെ
ഹൈടെക് മാർക്കറ്റ് ഉദ്ഘാടനത്തോടെ കൂടുതൽ ആളുകൾ എത്തുന്നുണ്ട്. മത്സ്യവും പച്ചക്കറിയുമടക്കം വില്പന സ്റ്റാളുകൾ തുടങ്ങി, മാർക്കറ്റ് സജീവമാണ്. 5700 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടമാണ് നിർമ്മിച്ചത്. കടമുറികൾ നിർമ്മിച്ചത് ഇപ്പോഴും അടഞ്ഞു കിടക്കുകയാണ്. കൃത്യമായി ലേലംചെയ്ത് നൽകാൻ അധികൃതർ താത്പര്യമെടുക്കുന്നുമില്ല.