പന്മന : മനയിൽ ശ്രീ ബാലഭട്ടാരക വിലാസം സംസ്കൃത ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ പൂർണ്ണമായും സാമൂഹിക പങ്കാളിത്തത്തോടെ നിർമ്മിച്ച ഡൈനിംഗ് ഹാളിന്റെ ഉദ്ഘാടനം നടന്നു. സ്കൂൾ നൂൺമീൽ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ഡൈനിങ് ഹാളിനായി ആവശ്യമായ രണ്ട് ലക്ഷത്തിൽ പരം രൂപയുടെ ഫർണിച്ചറുകൾ, ഫാനുകൾ, പാത്രങ്ങൾ, ഗ്ലാസ്സുകൾ എന്നിവ വാങ്ങി നൽകിയത് സ്കൂളിലെ പൂർവ വിദ്യാർത്ഥിയും വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ ഫിറോസ് നല്ലാന്തറയാണ്. പി.ടി.എ., എസ്.എം.സി., സ്റ്റാഫ് അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഹാളിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. ഭക്ഷണ സംബന്ധിയായ അർത്ഥവത്തായ വചനങ്ങൾ എഴുതി നൂൺമീൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹാളിന്റെ ഭിത്തികൾ മനോഹരമാക്കിയിട്ടുണ്ട്. ഡോ. സുജിത് വിജയൻ പിള്ള എം.എൽ.എ. ഡൈനിംഗ് ഹാളിന്റെ ഉദ്ഘാടനം നിർവഹിച്ചു. സ്കൂളിലെ നൂൺമീൽ കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് എം.എൽ.എ. അഭിപ്രായപ്പെട്ടു. ചടങ്ങിൽ വെച്ച്, ഫിറോസ് നല്ലാന്തറയിലിനെയും നൂൺ മീൽ ടീച്ചർ കോർഡിനേറ്ററായ വിളയിൽ ഹരികുമാറിനെയും എം.എൽ.എ ആദരിച്ചു. പി.ടി.എ പ്രസിഡന്റ് എം.അജി അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ.സി.പി.സുധീഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പ്രസന്നൻ ഉണ്ണിത്താൻ, വാർഡ് മെമ്പർ അനീസ നിസാർ, ഉപജില്ലാ നൂൺ മീൽ ഓഫീസർ കെ. ഗോപകുമാർ, പ്രഥമാദ്ധ്യാപിക ആർ.ഗംഗാദേവി, പ്രിൻസിപ്പൽ ജെ.ടി.ബിന്ദു, എസ്.എം.സി. ചെയർമാൻ പന്മന മഞ്ചേഷ്, പി.ടി.എ വൈസ് പ്രസിഡന്റ് ആനന്ദ് കുമാർ, മദർ പി.ടി.എ പ്രസിഡന്റ് രാജി, സീനിയർ അസിസ്റ്റന്റ് സി.വി.മായ, സ്റ്റാഫ് സെക്രട്ടറി ഷൈൻ കുമാർ, എസ്.എം.സി. വൈസ് ചെയർമാൻ നാസർ തേവലക്കര, എസ്.പി.സി. ഗാർഡിയൻ പ്രസിഡന്റ് ആഷിം അലിയാർ, പി.ടി.എ. അംഗങ്ങൾ, അദ്ധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് കുട്ടികൾക്ക് ഫ്രൈഡ് റൈസും ഗോബി മഞ്ചൂരിയും വിതരണം ചെയ്തു.