കൊല്ലം: കുഴഞ്ഞ് വീണുള്ള മരണങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നതിന്റെ പശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ഹൃദയാഘാത പ്രഥമ ശുശ്രൂഷ (സി.പി.ആർ) പരിശീലന ബോധവത്കരണ ക്യാമ്പയിൻ ഇന്നു തുടങ്ങും. ജില്ലാതല ഉദ്ഘാടനം കളക്ടറേറ്റ് ആത്മ ഹാളിൽ രാവിലെ 10 ന് കളക്ടർ എൻ.ദേവിദാസ് നിർവഹിക്കും. ഹൃദയാഘാതം ഉണ്ടാകുന്നവരെ ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പ് നൽകുന്ന ശാസ്ത്രീയമായ പ്രഥമ ശുശ്രൂഷാ പരിശീലനം എല്ലാവർക്കും ലഭ്യമാക്കാനാണ് ജനകീയമായ പരിശീലന പരിപാടി ആരംഭിക്കുന്നത്.

ജില്ലയിൽ 16 ഓളം പരിശീലന കേന്ദ്രങ്ങൾ ഉണ്ടാകും. സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരെ കൂടാതെ സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാരും പരിശീലനത്തിന് നേതൃത്വം നൽകും. ഐ.എം.എ, കെ.ജി.എം.ഒ.എ എന്നിവരുടെ സഹകരണത്തോടെയാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. തുടർന്നുള്ള ദിവസങ്ങളിലും പരിശീലന പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. ഡ്രൈവർമാർ, പൊലീസ് ഉദ്യോഗസ്ഥർ, കോളേജ് വിദ്യാർത്ഥികൾ, ഹയർ സെക്കൻഡറി വിദ്യാർത്ഥികൾ, സന്നദ്ധസേവകർ, മാദ്ധ്യമപ്രവർത്തകർ, മത്സ്യത്തൊഴിലാളികൾ തുടങ്ങി വലിയൊരു സേനയ്ക്ക് പ്രഥമ ശുശ്രൂഷയിൽ പരിശീലനം നൽകും.എല്ലാവരെയും പ്രഥമ ശുശ്രൂഷയിൽ പരിശീലനം നൽകി പ്രാപ്തരാക്കുക എന്നതാണ് ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.