photo

കൊട്ടാരക്കര: പൂവറ്റൂരിൽ വീടിന് പുറത്തെ കുളിമുറിയിൽ വൃദ്ധനെ മരിച്ച നിലയിൽ കണ്ടെത്തി. പൂവറ്റൂർ പടിഞ്ഞാറ് സെന്റ് മേരീസ് ഭവനിൽ സി.കുഞ്ഞുമോൻ (76) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഭാര്യ ഏലിയാമ്മ മകളോടൊപ്പം തിരുവനന്തപുരത്തായിരുന്നു. വീട്ടിൽ ഒറ്റയ്ക്കായിരുന്ന കുഞ്ഞുമോനെ ഫോണിൽ വിളിച്ചിട്ട് കിട്ടാതെ വന്നതോടെ അയൽവാസിയായ ആശ പ്രവർത്തക സുമയെ ഏലിയാമ്മ വിവരം അറിയിച്ചു. ഇവരെത്തി വീട്ടിൽ പരിശോധിച്ചെങ്കിലും ആളെ കണ്ടെത്തിയില്ല. കുളിമുറിയിൽ ലൈറ്റ് ഉള്ളതിനാലും അകത്ത് നിന്ന് അടച്ചിരുന്നതിനാലും കുഞ്ഞുമോൻ അകത്തുണ്ടാകുമെന്ന് കരുതി. ഏറെനേരം അവിടെ നിന്നിട്ടും വാതിൽ തുറക്കാഞ്ഞതിനെ തുടർന്ന് ആശ പ്രവർത്തക സമീപവാസികളെ വിവരം അറിയിച്ചു. അവരെത്തി വാതിൽ പൊളിച്ച് നോക്കിയപ്പോഴാണ് തറയിൽ കമിഴ്ന്ന് കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്. പുത്തൂർ പൊലീസ് എത്തി ഇൻക്വിസ്റ്റ് തയ്യാറാക്കി. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇന്ന് പാരിപ്പള്ളി ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാവുകയുള്ളു. സംഭവത്തിൽ ദുരൂഹതയില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മക്കൾ: സൈമൺ ജേക്കബ്, ശുഭാമേരി. മരുമക്കൾ: സോളി, ജോൺസൺ.