photo-
ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ കാളകെട്ട് മഹോത്സവത്തിന് എത്തിയ്ക്കുന്ന വജ്രതേജോമുഖൻ.

ക്ലാപ്പന: ചിങ്ങമാസത്തിലെ തിരുവോണം കഴിഞ്ഞാലും ഓണാട്ടുകരക്കാർക്ക് അതുകൊണ്ട് മതിയാകില്ല. ഓണാട്ടുകരക്കാർ കന്നിമാസത്തിലെ തിരുവോണം, അഥവാ ഇരുപത്തിയെട്ടാം ഓണം, ഓച്ചിറ കാളകെട്ട് മഹോത്സവമായി ആഘോഷിക്കുന്നു. ഇത്തവണ ഒക്ടോബ‌ർ 3നാണ് ഓച്ചിറ കാളകെട്ട് മഹോത്സവം .കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി, ആലപ്പുഴ ജില്ലയിലെ മാവേലിക്കര, കാർത്തികപ്പള്ളി താലൂക്കുകൾ ഉൾപ്പെടുന്ന ഓണാട്ടുകര പ്രദേശത്തെ 52 കരകളിൽ നിന്നുള്ള കെട്ടുകാളകളെ ചരിത്രപ്രസിദ്ധമായ ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലേക്ക് ആനയിക്കുന്നതാണ് ഈ ഉത്സവം.

കാളകളുടെ നിർമ്മാണവും അലങ്കാരവും

ആഞ്ഞിലിത്തടിയിൽ ചട്ടം കൂട്ടി, അതിൽ കച്ചി ചുറ്റി, ചണച്ചാക്ക് കൊണ്ട് പൊതിഞ്ഞ ശേഷം തുണി പിടിപ്പിച്ച് പട്ടുതുണിയിൽ പൊതിഞ്ഞാണ് കാളയുടെ രൂപമുണ്ടാക്കുന്നത്. ഏഴിലം പാലയുടെ തടിയിൽ കൊത്തിയുണ്ടാക്കി അഞ്ച് നിറങ്ങൾ ഉപയോഗിച്ച് പെയിന്റ് ചെയ്ത നന്ദികേശ ശിരസാണ് കാളയുടെ പ്രധാന ആകർഷണം. ദീവത, നെറ്റിപ്പട്ടം, വെഞ്ചാമരം എന്നിവയാൽ അലങ്കരിച്ച കാളകളെ പുമാല, നാരങ്ങാ മാല, വെറ്റിലമാല, നോട്ടു മാല, കൂവളമാല എന്നിവ ചാർത്തി ദീപവിതാനത്തോടെ മുത്തുക്കുട ശിരസിന് മീതെ പിടിപ്പിച്ചാണ് എഴുന്നള്ളിക്കുന്നത്.

ചുവപ്പും വെള്ളയും നിറത്തിലുള്ള രണ്ട് കാളകൾ ചേർന്ന ജോഡിയായിട്ടാണ് കാളകളെ അണിയിച്ചൊരുക്കുന്നത്. വലതുവശത്തെ ചുവപ്പ് കാള ശിവസങ്കൽപ്പവും ഇടതുവശത്തെ വെള്ള കാള പാർവ്വതി സങ്കൽപ്പവുമാണ്. കൈവെള്ളയിൽ ഒതുങ്ങുന്ന കുഞ്ഞുകാളകൾ മുതൽ 72 അടി ഉയരമുള്ള കൂറ്റൻ കാളകൾ വരെ ഉത്സവത്തിന് മാറ്റു കൂട്ടാനെത്തുന്നു.

കാളകളെ ആനയിക്കുന്ന രീതി

ഇരുമ്പു ചുറ്റു പതിപ്പിച്ച ചട്ടത്തിൽ ഘടിപ്പിച്ച നാല് വീലുകളുടെ സഹായത്തോടെ വടം കെട്ടിവലിച്ചും പിറകിൽ നിന്നും തള്ളിയുമായിരുന്നു മുൻപ് കാളകളെ ക്ഷേത്രത്തിലേക്ക് ആനയിച്ചിരുന്നത്. എന്നാൽ വലുപ്പം കൂടിയ കാളകൾ വന്നതോടെ കൂറ്റൻ ക്രെയിനുകളും കാളകളെ ആനയിക്കാൻ ഉപയോഗിച്ചു തുടങ്ങി. ചെണ്ടമേളം, പഞ്ചവാദ്യം, ശിങ്കാരിമേളം, മയിലാട്ടം എന്നിവയടക്കം ആദിവാസി കലാപരിപാടികൾ വരെ ഈ എഴുന്നള്ളത്തിന് അകമ്പടിയാക്കുന്നു. കാളകെട്ട് തുടങ്ങുന്നതു മുതൽ കാളമൂട്ടിൽ കഞ്ഞിസദ്യയുണ്ടാകും. ഉത്സവമടുക്കുന്നതോടെ പുഴുക്ക് വിതരണം, പായസ വിതരണം, സദ്യ എന്നിവയുമുണ്ടാകും.