ddd
ddd

ഓച്ചിറ: ഓച്ചിറ കാളകെട്ട് മഹോത്സവത്തിന് ഈ വർഷവും ഗംഭീര തുടക്കം. ക്ഷേത്രത്തിൽ നിന്നുള്ള നിർദ്ദേശങ്ങൾ അനുസരിച്ച് 52 കരകളിൽ നിന്നുള്ള നിരവധി സമിതികളാണ് കാളകളെ അണിനിരത്താൻ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ക്ഷേത്രം സ്ഥിതി ചെയ്യുന്ന ഓച്ചിറ പഞ്ചായത്തിൽ നിന്ന് മാത്രം 38 സമിതികൾ രജിസ്റ്റർ ചെയ്തു. കൂടാതെ ക്ലാപ്പനയിൽ നിന്ന് 34, കൃഷ്ണപുരത്ത് 32, കുലശേഖരപുരത്ത് 15, ദേവികുളങ്ങരയിൽ 8, വള്ളികുന്നം 7, കായംകുളം മുനിസിപ്പാലിറ്റി 5, ആലപ്പാട് 4, തഴവ 3, ഭരണിക്കാവ് 3, പത്തിയൂർ 2, ആറാട്ടുപുഴ, താമരക്കുളം, മാവേലിക്കര മുനിസിപ്പാലിറ്റി എന്നിവിടങ്ങളിൽ നിന്ന് ഒന്നു വീതവും സമിതികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ചെറു കാളകളുമായി രജിസ്റ്റർ ചെയ്യാതെ എത്തുന്ന സമിതികളും ഉത്സവത്തിന് മാറ്റു കൂട്ടും.

സ്ത്രീശക്തിയിൽ തിളങ്ങി കാളകെട്ട്

കാളകെട്ട് മഹോത്സവത്തിന്റെ ഏറ്റവും വലിയ പ്രത്യേകതകളിൽ ഒന്നാണ് വനിതാ പങ്കാളിത്തം. പല സമിതികളിലും സ്ത്രീകൾ പ്രധാന ഭാരവാഹികളായുണ്ട്. മാത്രമല്ല, വനിതകൾ മാത്രമുള്ള സമിതികളും ഉത്സവത്തിൽ സജീവമായി പങ്കെടുക്കുന്നു. കാളകളെ വലിക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്നതും സ്ത്രീകളാണ്. ഓരോ സമിതിയിലും ഇവർക്കായി പ്രത്യേക വേഷവും ഉണ്ടാകും.വർണ്ണാഭമായ കാളകൾക്കൊപ്പം, സ്വർണ്ണത്തിലും വെള്ളിയിലും തീർത്ത കാളകളും ഉത്സവത്തിന് അഴകേകും. നന്ദികേശമാരുടെ ശിരസ്സുമായുള്ള ഘോഷയാത്രയാണ് ഒഴിവാക്കാനാകാത്ത ഇനം.ശിരസ്സ് സ്ഥാപിക്കൽ ഉത്സവമായിത്തന്നെ ആഘോഷിക്കുന്നു. കൂടാതെ കാളമൂട്ടിൽ ഭാഗവതപാരായണം, ആദ്ധ്യാത്മിക പ്രഭാഷണം,കുത്തിയോട്ട ചുവട്, സാംസ്കാരിക സമ്മേളനം, വിദ്യാഭ്യാസ അവാർഡ് ദാനം, ചികിസാ സഹായങ്ങൾ, മെഡിക്കൽ ക്യാമ്പുകൾ , ഡാൻസ്, തിരുവാതിര, ഗാനമേള, നാടൻപാട്ട് തുടങ്ങി ഭാഗവത സപ്താഹ യജ്ഞം വരെ കാളമൂട്ടിൽ നടത്തി വരുന്നു. കാളമൂട്ടിൽ നിന്ന് വളരെ ദൂരം വരെ വൈദ്യുത ദീപാലങ്കാരങ്ങളും ഉണ്ട്. ഉത്രാടരാത്രിയിൽ മിക്കയിടത്തും വെടിക്കെട്ടുമുണ്ട്.

ആഘോഷച്ചെലവ് കോടികൾ

ഒരു ജോടി പുതിയ കാളയെ പണിത് ക്ഷേത്രത്തിലേക്ക് ആനയിക്കാൻ 25 ലക്ഷം മുതൽ അരക്കോടി രൂപ വരെ ചെലവ് വരും. പഴയ കാളകൾക്ക് പിന്നീട് 5 ലക്ഷം മുതൽ 15 ലക്ഷം വരെ ചെലവുകൾ ഉണ്ടാകും. ചെലവ് താങ്ങാൻ കഴിയാത്ത സമിതികൾ കാളകളെ വാടകയ്ക്ക് എടുക്കുന്നു. അതിനും 2-3 ലക്ഷം ചെലവ് വരും.

കാള പ്രസവം

കാളകെട്ട് കഴിയുമ്പോൾ ചില സമിതികളിൽ അഭിപ്രായ വ്യത്യാസമുണ്ടാകുകയും പിരിഞ്ഞ് പുതിയ സമിതി രൂപീകരിച്ച് അടുത്ത തവണ പുതിയ കാളയെ അണിയിച്ചൊരുക്കുകയും ചെയ്യുന്നതിനെ ഫലിത രൂപത്തിൽ പറയുന്ന പേരാണ് 'കാള പ്രസവം' എന്നത്.

കാളകളെ ഒക്ടോബർ 3ന് പുലർച്ചെ തന്നെ ക്ഷേത്രത്തിലേക്ക് ആനയിച്ച് ഉച്ചയോടെ ക്ഷേത്രത്തിൽ എത്തിത്തുടങ്ങുമെങ്കിലും 4ന് പുലർച്ചയോടെയെ പൂർത്തിയാകു. അതിന്‌ശേഷമുള്ള ദിവസങ്ങളിലും ക്ഷേത്രസന്നിധിയിൽ കാളകൾക്ക് മുന്നിൽ പല സമിതികളും വിവിധ പരിപാടികൾ പ്ലാൻ ചെയ്തിട്ടുണ്ട്. ആഘോഷങ്ങൾ നീണ്ടുപോകാതിരിക്കാൻ അഞ്ച് ദിവസത്തിൽ കൂടുതൽ കാളകളെ ക്ഷേത്രത്തിൽ വെക്കാൻ പാടില്ല എന്ന് ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി നിർദ്ദേശിച്ചിട്ടുണ്ട്.