sfgvv
പുനലൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ പുതിയതായി അനുവദിച്ച പുതിയ ബസ് സർവീസുകളുടെ ഫ്ലാഗ് ഒഫ് മന്ത്രി കെ.ബി.ഗണേഷ് കുമാർ നിർവഹിക്കുന്നു. പി.എസ് സുപാൽ എം.എൽ.എ സമീപം

പുനലൂർ: പുനലൂർ ട്രാൻസ്‌പോർട്ട് ഡിപ്പോയിലെ പുതിയ ബസ് സർവീസുകളുടെ ഫ്ലാഗ് ഒഫ് മന്ത്രി കെ.ബി. ഗണേശ് കുമാർ നിർവഹിച്ചു. കെ.എസ്.ആർ.ടി.സി ജീവനക്കാർ ജനങ്ങളുടെ സ്നേഹം മനസിലാക്കി പ്രവർത്തിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. എല്ലാ ട്രേഡ് യൂണിയന്റെയും നേതാവ് താൻ തന്നെയാണെന്നും, രാഷ്ട്രീയത്തിനപ്പുറത്ത് താൻ പറയുന്നത് വിശ്വസിക്കണമെന്നും അദ്ദേഹം ജീവനക്കാരോട് പറഞ്ഞു.

ഒന്നാം തീയതി ശമ്പളം നൽകാൻ 74 കോടി രൂപ വേണ്ടിവരുന്നതിനാൽ ചെലവ് കുറയ്‌ക്കേണ്ടത് അത്യാവശ്യമാണ്. ഇതിന്റെ ഭാഗമായി കമ്പ്യൂട്ടറൈസേഷൻ ഉടൻ നടപ്പിലാക്കും. ചില്ലറ അടിച്ചുമാറ്റാൻ വേണ്ടി കാർഡ് റീചാർജ് ചെയ്യുന്നതിൽ താത്പര്യം കാണിക്കാത്ത കണ്ടക്ടർമാർക്കെതിരെ പരാതി ലഭിച്ചാൽ ഉടൻ സസ്പെൻഡ് ചെയ്യുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. കെ.എസ്.ആർ.ടി.സിക്ക് വലിയ നഷ്ടങ്ങൾ ഉണ്ടാക്കുന്നത് ചില ജീവനക്കാർ തന്നെയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

എം.എൽ.എ ഫണ്ടിൽനിന്ന് അനുവദിച്ച അഞ്ച് കോടി രൂപയുടെ കെട്ടിട നിർമ്മാണത്തിനുള്ള പ്രഖ്യാപനവും മന്ത്രി നടത്തി. പുനലൂർ-കോയമ്പത്തൂർ സൂപ്പർഫാസ്റ്റ്, പുനലൂർ-മൂന്നാർ ഫാസ്റ്റ് പാസഞ്ചർ തുടങ്ങിയ പുതിയ സർവീസുകളും അദ്ദേഹം പ്രഖ്യാപിച്ചു. അടുത്ത ആറുമാസത്തേക്ക് എല്ലാ ദിവസവും ഓരോ പുതിയ ബസുകൾ വരും. പുനലൂർ ഡിപ്പോയ്ക്ക് ഒരു പുതിയ എ.സി ബസ് ബാംഗ്ലൂർ സർവീസ് നടത്താൻ തരാമെന്നും മന്ത്രി പറഞ്ഞു

പി.എസ്. സുപാൽ എം.എൽ.എ അദ്ധ്യക്ഷനായ ചടങ്ങിൽ കെ. പുഷ്പലത, രഞ്ജിത്ത് രാധാകൃഷ്ണൻ, എൻ. കോമളകുമാർ, ബി.എസ്. ഷിജു തുടങ്ങിയവരും പങ്കെടുത്തു.