കൊല്ലം:എസ്.എൻ.ഡി.പി യോഗത്തിന്റെ സംഘടനാ ശക്തി വിളംബരം ചെയ്യുന്ന പരിപാടിയായിരിക്കും ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് നൽകുന്ന സ്വീകരണമെന്നും യോഗത്തെ ഒളിഞ്ഞും തെളിഞ്ഞും ആക്രമിക്കുന്നവർക്കുള്ള മറുപടി കൂടിയായിരിക്കും പരിപാടിയെന്നും കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻശങ്കർ പറഞ്ഞു. യോഗം ജനറൽ സെക്രട്ടറി, എസ്.എൻ ട്രസ്റ്റ് സെക്രട്ടറി എന്നീ നിലകളിൽ മൂന്ന് പതിറ്റാണ്ട് പൂർത്തിയാക്കിയ വെള്ളാപ്പള്ളി നടേശന് കൊല്ലം യൂണിയന്റെ നേതൃത്വത്തിൽ ആദരവ് നൽകുന്നതിന്റെ മേഖലാതല ആലോചന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം.
മുണ്ടയ്ക്കൽ തുമ്പറ ശാഖായോഗം ഹാളിൽ നടന്ന യോഗത്തിൽ മേഖല കൺവീനർ ജി.രാജ്മോഹൻ അദ്ധ്യക്ഷനായി. കൊല്ലം യുണിയൻ സെക്രട്ടറി എൻ. രാജേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. യോഗം കൗൺസിലർ പി. സുന്ദരൻ സംഘടനാ സന്ദേശം അറിയിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് രജീവ് കുഞ്ഞുകൃഷ്ണൻ, വനിതാസംഘം മേഖല കൺവീനർ വിമല കുമാരി, യൂണിയൻ കൗൺസിലർമാരായ ഷാജി ദിവാകരൻ, ഇരവിപുരം സജീവൻ എന്നിവർ സംസാരിച്ചു. 628-ാം നമ്പർ ഉദയമാർത്താണ്ഡപുരം ശാഖായോഗം സെക്രട്ടറി മുണ്ടയ്ക്കൽ രാജീവൻ സ്വാഗതവും 6405-ാം നമ്പർ മുണ്ടയ്ക്കൽ സെൻട്രൽ ശാഖായോഗം സെക്രട്ടറി ശരത് ചന്ദ്രൻ നന്ദിയും പറഞ്ഞു.