പത്തനാപുരം: പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിലെ അപകട മേഖലയായ അലിമുക്കിലെ കൊടുംവളവിൽ വിദഗ്ദ്ധ സംഘത്തെക്കൊണ്ട് പരിശോധിപ്പിച്ച് അപകടങ്ങൾ ഒഴിവാക്കാൻ ഉചിതമായ നടപടികൾ സ്വീകരിക്കുമെന്ന് സ്ഥലം എം.എൽ.എ കൂടിയായ മന്ത്രി കെ.ബി.ഗണേശ് കുമാർ നാട്ടുകാർക്ക് ഉറപ്പ് നൽകി. ശനിയാഴ്ച പുലർച്ചെ പത്തനാപുരം ഭാഗത്ത് നിന്നും പുനലൂരിലേക്ക് വന്ന ഒരു കാർ നിയന്ത്രണം വിട്ട് അലിമുക്ക് ജംഗ്ഷനിലെ കൊടുംവളവിൽ, അലിമുക്ക് സ്വദേശിയായ ബിജുവിന്റെ 'എ-വൺ ചിപ്‌സ്' കടയിൽ ഇടിച്ച് കയറി വ്യാപക നാശനഷ്ടം സംഭവിച്ചിരുന്നു. ഈ സംഭവം നേരിൽ കണ്ട് സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി മന്ത്രി ഇന്നലെ സന്ധ്യക്ക് അലിമുക്കിൽ എത്തുകയായിരുന്നു.
അടിയന്തരമായി വളവിൽ അപകട സൂചന ലൈറ്റുകൾ സ്ഥാപിക്കും.
പരിചയമില്ലാത്ത ഡ്രൈവർമാർ റോഡ് നേരെയാണെന്ന ധാരണയിൽ വാഹനങ്ങൾ ഓടിച്ച് വരുമ്പോഴാണ് അപകടമുണ്ടാകുന്നതെന്ന് മന്ത്രി വിലയിരുത്തി.
നേരത്തെ ഏഴ് തവണ ബിജുവിന്റെ കടയിൽ നിയന്ത്രണം വിട്ടെത്തിയ വാഹനങ്ങൾ ഇടിച്ച് കയറി വലിയ നഷ്ടം സംഭവിച്ചിരുന്നു.
പനവേലിയിൽ സംഭവിച്ചത് പോലുള്ള അപകട സാദ്ധ്യത അലിമുക്കിലും ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയ ശേഷമാണ് മന്ത്രി മടങ്ങിയത്.