t
ചവറ മുകുന്ദപുരം മാടൻനട ക്ഷേത്രത്തിലെ താലപ്പൊലി ഘോഷയാത്രക്ക് കൊട്ടുകാട് മസ്ജിദിന് മുന്നിൽ സ്നേഹ വിരുന്ന് ഒരുക്കിയപ്പോൾ

ചവറ: മുകുന്ദപുരം മാടൻനട ക്ഷേത്രത്തിൽ നടന്ന സപ്താഹ യജ്ഞത്തിന് സമാപനം കുറിച്ച് നടത്തിയ താലപ്പൊലി ഘോഷയാത്രക്ക് കൊട്ടുകാട് ജുമുഅ മസ്ജിദിന് മുന്നിൽ കൊട്ടുകാട് കൂട്ടായ്മയുടെ നേതൃത്വത്തിൽ സ്നേഹ വിരുന്ന് ഒരുക്കിയത് നാടിന്റെ സൗഹാർദത്തിന് ഉത്തമ മാതൃകയായി. കൊട്ടുകാട് വാട്‌സാപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിലാണ് യുവജനങ്ങൾ ഈ ശ്രദ്ധേയമായ സംരംഭത്തിന് ചുക്കാൻ പിടിച്ചത്. ക്ഷേത്ര ഭാരവാഹികളും വിശ്വാസികളും, താലപ്പൊലി ഏന്തിയ സ്ത്രീകളും കുട്ടികളുമടക്കം പങ്കെടുത്ത അഞ്ഞൂറോളം പേർക്കാണ് ഇവർ മധുരപാനീയവും ബിസ്കറ്റ് പാക്കറ്റും നൽകിയത്. പള്ളിയിൽ നമസ്‌കാരം കഴിഞ്ഞിറങ്ങിയ വിശ്വാസികൾ താലപ്പൊലി ഘോഷയാത്രയെ സ്വീകരിക്കാൻ ഒത്തുചേർന്നത് പ്രദേശിക സൗഹൃദം വിളിച്ചോതുന്ന കാഴ്ചയായി. കൊട്ടുകാട് കൂട്ടായ്മ പ്രവർത്തകരായ സിറാജ് കൊട്ടുകാട്, ഹബീബ് ഖുറൈശി, അബ്ദുൽ റഹീം നിസാമി, നൗഷാദ് കുറ്റേഴത്ത്, അക്ബർ, ഫാസിൽ കൽപാസ്, അനീഷ് കൈതവന, എം.പി.കെ.ഷാജി , ഷാനു, സക്കീർ ഹുസൈൻ, അൻവർഷ, നദീർ മണപ്പുഴ, നുജുമുദീൻ, സലാഹുദ്ധീൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. മാടൻനട ക്ഷേത്ര ഭാരവാഹികളായ മുരളീധരൻ പിള്ള, ലാലുപിള്ള, രവീന്ദ്രൻ പിള്ള, സേതുകുട്ടൻ, നടരാജൻ, അനിൽ കുമാർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.