കൊല്ലം: നഗരത്തിലെ പ്രധാനപ്പെട്ട ബസ് കാത്തിരിപ്പ് കേന്ദ്രമായ ചിന്നക്കട ബസ് ബേ കേന്ദ്രീകരിച്ച് രാപകൽ ഭേദമില്ലാതെ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം. മദ്യപാന സംഘങ്ങൾ ഇവിടെ തമ്പടിക്കുകയാണ്. യാത്രക്കാരുടെ സുരക്ഷയ്ക്ക് പൊലീസിന്റെ ഭാഗത്തുനിന്ന് ഇടപെടൽ ഉണ്ടാകുന്നില്ലെന്നും പരാതിയുണ്ട്.
എല്ലായ്പോഴും മദ്യപസംഘം കയ്യടക്കിയിരിക്കുകയാണ് ഇരിപ്പിടങ്ങൾ. വസ്ത്ര വ്യാപാര സ്ഥാപനങ്ങളിലെ ജോലി കഴിഞ്ഞ് നൂറ്കണക്കിന് സ്ത്രീകളാണ് ഈ കാത്തരിപ്പ് കേന്ദ്രത്തെ ആശ്രയിക്കുന്നത്. ഇവരുൾപ്പടെ യാത്രക്കാരായി എത്തുന്ന സ്ത്രീകളോട് സംഘം അപമര്യദയായി സംസാരിക്കുന്നതും പെരുമാറുന്നതും പതിവാണ്. കാത്തിരിപ്പ് കേന്ദ്രത്തിന് പുറത്താണ് ആളുകൾ കൂട്ടമായി ബസ് കാത്തു നിൽക്കാറുള്ളത്. കെ.എസ്.ആർ.ടി.സി ബസുകൾ കൂടുതലും ദേശീയപാതയോട് ചേർത്താണ് നിറുത്താറുള്ളത്.അതിനാൽ കെ.എസ്.ആർ.ടി.സി ബസുകളിൽ യാത്ര ചെയ്യുന്നവർ കാത്തിരിപ്പ് കേന്ദ്രത്തിൽ നിന്ന് മാറി റോഡിൽ പല ഭാഗങ്ങളിലായിട്ടാണ് നിൽക്കാറുള്ളത്. സ്വകാര്യ ബസുകൾ ബസ് ബേയോട് ചേർത്താണ് നിറുത്തുന്നതെങ്കിലും ഇതിന്റെ സ്റ്റെപ്പുകളിലാണ് യാത്രക്കാർ നിൽക്കാറുള്ളത്. ഈ സാഹചര്യം മുതലെടുത്താണ് മദ്യപാനികൾ ഇവിടെ വിലസുന്നത്.
പൊലീസ് പട്രോളിംഗ് സംഘങ്ങൾ എത്താറുണ്ടെങ്കിലും കാത്തിരിപ്പ് കേന്ദ്രത്തിനുള്ളിലേക്ക് ശ്രദ്ധ പതിയാത്തതും ഇവിടം സാമൂഹ്യവിരുദ്ധരുടെ താവളമാകാൻ കാരണമാകുന്നു. വിഷയത്തിന് എത്രയും വേഗം പരിഹാരം കാണണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
ഭയങ്കര ശല്യമാണ്. ഇതിനകത്തേക്ക് കയറി നിൽക്കാൻ പറ്റുന്നില്ല. വല്ലാത്ത ദുർഗന്ധമാണ്. താമസിച്ച് എത്തുമ്പോൾ എത്രയും വേഗം ബസ് കിട്ടിയാൽ മതി എന്ന ചിന്തയിൽ പലരും ഇത് ശ്രദ്ധിക്കാറില്ല. അഥവാ ഗതികെട്ട് അവിടെ ഇരിക്കാൻ ശ്രമിക്കുകയോ ശ്രദ്ധിക്കുകയോ ചെയ്താൽ ചീത്തവിളികളും കമന്റുകളും കേൾക്കണം
എസ്.സ്നേഹ, യാത്രക്കാരി