കരുനാഗപ്പള്ളി: കേരളാ സർക്കാർ ഏർപ്പെടുത്തിയ പരിസ്ഥിതി സംരക്ഷണത്തിനുള്ള പുരസ്‌കാരത്തിന് അമൃത വിശ്വവിദ്യാപീഠം അമൃതപുരി ക്യാമ്പസ് അർഹരായി. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന മികച്ച മറ്റു സ്ഥാപനങ്ങൾ എന്ന വിഭാഗത്തിലാണ് പുരസ്കാരം. ജല-വായു മലിനീകരണ നിയന്ത്രണ സംരംഭങ്ങൾ, ഊർജ്ജ-ജല സംരക്ഷണ പരിപാടികൾ, പരിസ്ഥിതിയുടെ സുസ്ഥിരതയ്ക്കും സാമൂഹിക പ്രതിബദ്ധതയ്ക്കും വേണ്ടിയുള്ള ശ്രദ്ധേയമായ പ്രോജക്റ്റുകൾ എന്നിവയിലെ നേട്ടങ്ങളും സർവകലാശാലയുടെ നേതൃത്വത്തിൽ ക്യാമ്പസിനകത്തും പുറത്തുമായി നടത്തിയ മികച്ച പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളുമാണ് സർവ്വകലാശാലയെ പുരസ്‌കാരത്തിന് അർഹരാക്കിയത്. തുടർച്ചയായി മൂന്നാം തവണയാണ് അമൃത വിശ്വവിദ്യാപീഠം അമൃതപുരി ക്യാമ്പസ് പുരസ്‌കാരത്തിന് അർഹരാകുന്നത്. കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച “ഓറ 2025 - 50 ഇയേഴ്സ് ഒഫ് എൻവയോൺമെന്റൽ സ്റ്റുവാർഡ്‌ഷിപ്പ് എന്ന അന്താരാഷ്ട്ര പരിസ്ഥിതി സമ്മേളനത്തിന്റെ വേദിയിൽ വച്ച് അമൃത സ്കൂൾ ഒഫ് എൻജിനീയറിംഗ് അസോസിയേറ്റ് ഡീൻ ഡോ. എസ് എൻ ജ്യോതി, അമൃത സ്കൂൾ ഫോർ ബയോടെക്നോളജി ഡീൻ ഡോ. ബിപിൻ ജി നായർ എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി. ഈ വർഷത്തെ സംസ്ഥാന സർക്കാരിന്റെ പരിസ്ഥിതിമിത്രം അവാർഡിനും അമൃത വിശ്വവിദ്യാപീഠം അമൃതപുരി ക്യാമ്പസ് അർഹരായിരുന്നു. ഇതിനു പുറമെ മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി വൃത്തി 2025 ക്ലീൻ കേരള കോൺക്ലേയ്‌വിലും, ജില്ലാ തല പരിപാടികളിലും, പഞ്ചായത്ത് തല പരിപാടികളിലും അമൃത വിശ്വവിദ്യാപീഠം മികച്ച സ്ഥാപനമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.