കൊല്ലം: ഘാനയിൽ നിന്ന് ഇറക്കുമതി ചെയ്ത തോട്ടണ്ടി സംസ്കരിച്ചപ്പോൾ തീർത്തും ഗുണനിലവാരം കുറഞ്ഞ പരിപ്പാണ് ലഭിച്ചതെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിൽ പന്തളം ആരോപിച്ചു.
സംസ്കരണം നടന്ന വിവിധ കമ്പനികളിൽ പീലിംഗ് പൂർത്തിയാകുമ്പോൾ 80 കിലോ വരുന്ന ഒരു ചാക്കിൽ നിന്ന് 5 കിലോ ഗ്രാമിന് താഴെ മാത്രമാണ് ഗുണനിലവാരമുള്ള വെള്ളപ്പരിപ്പ് ലഭിച്ചത്. ഏറ്റവും കുറഞ്ഞത് 10 കിലോ എങ്കിലും വെള്ളപ്പരിപ്പ് കിട്ടിയെങ്കിൽ മാത്രമേ നഷ്ടം കൂടാതെ മുന്നോട്ടുപോകാനാവൂ. വെറും 2 കിലോ ഗ്രാം മാത്രം ലഭിച്ച കമ്പനികളും ഉണ്ട്. ഒരു ചാക്കിൽ നിന്ന് 21 കിലോ ഔട്ട്ടേൺ കിട്ടേണ്ട സ്ഥലത്ത് 16 കിലോഗ്രാമിൽ താഴെയാണ് ലഭിക്കുന്നത്. അതിൽ തന്നെ ഭൂരിഭാഗവും കേടുവന്നതും കറപിടിച്ചതുമായ പരിപ്പാണ്. ഗുണനിലവാരമുള്ള വെള്ള പരിപ്പിന്റെ അഭാവത്തിലും കേടും കറപിടിച്ചതുമായ പരിപ്പ് കൂടുതൽ ജോലിക്കൂലി നൽകി മറ്റു ഗ്രേഡുകളിലേക്ക് മാറ്റിയത് വഴിയും ഒരു ചാക്കിൽ 7000 രൂപ വരെ നഷ്ടമാണ് കശുവണ്ടി വികസന കോർപ്പറേഷനും കാപ്പക്സിനും ഉണ്ടായിരിക്കുന്നത്. ഇതിൽ നടന്ന അഴിമതിസംബന്ധിച്ച് വിഷ്ണു സുനിൽ ഹൈക്കോടതിയിൽ നൽകിയ പൊതുതാത്പര്യ ഹർജി കശുഅണ്ടി വികസന കോർപ്പറേഷൻ വിശദീകരണത്തിനായി ഒക്ടോബർ 21 ലേക്ക് മാറ്റി.