ചാത്തന്നൂർ: തിരുമുക്കിലെ അടിപ്പാത ശാസ്ത്രീയമായി പുനർനിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് തിരുമുക്ക്

അടിപ്പാത സമരസമിതി നടത്തുന്ന റിലേ സത്യാഗ്രഹ സമരം 12 ദിവസം പിന്നിട്ടു.

ഒക്ടോബർ 4 ന് ദേശീയ പാത അതോറിട്ടിയുടെ കൊല്ലം ജില്ലാ ഓഫീസിനു മുന്നിൽ ധർണനടത്തും.തുടർന്ന് ദേശീയപാത തിരുവനന്തപുരം റിജിയണൽ ഓഫീസിനു മുന്നിലും ധർണ നടത്തും. അനുകൂലമായ സമീപനം ഉണ്ടായില്ലെങ്കിൽ സെക്രട്ടേറിയറ്റിനു മുന്നിലേക്ക് സമരം വ്യാപിപ്പിക്കും. ചാത്തന്നൂർ വികസന സമിതി, പരവൂർ പ്രൊട്ടക്ഷൻ ഫാറം, പരവൂർക്കാർ കൂട്ടായ്മ,

പരവൂർ യുവജന കൂട്ടായ്മ എന്നീ സംഘടനകൾ ഉൾപ്പെട്ട തിരുമുക്ക് അടിപ്പാത സമരസമിതിയാണ് യോഗം ചേർന്ന് തീരുമാനമെടുത്തത്.

പുതിയ നിർമ്മാണങ്ങളോ കൂട്ടിച്ചേർക്കലുകളോ ദേശീയപാത നിർമ്മാണം പൂർത്തിയാക്കുന്നതിന് കാലതാമസം വരുത്തും എന്ന കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ തീരുമാനമാണ് സമരഗതി മാറ്റാൻ കാരണം. എം.പി, എം എൽ എ ഉൾപ്പെടെ എല്ലാ ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും തുടർ സമരങ്ങളിലും പങ്കെടുക്കുമെന്ന് സമരസമിതി ഭാരവാഹികൾ അറിയിച്ചു. സമരസമിതി ജനറൽ കൺവീനർ കെ.കെ. നിസാർ, കൺവീനർമാരായ പി.കെ. മുരളീധരൻ, സന്തോഷ് പാറയിൽക്കാവ്, ഷൈൻ എസ്.കുറുപ്പ്, ജി.പി. രാജേഷ് തുടങ്ങിയവർ പങ്കെടുത്തു