എഴുകോൺ : എഴുകോൺ റെയിൽവേ സ്റ്റേഷനിലേക്ക് അറുപറക്കോണത്ത് നിന്ന് പ്രവേശന കവാടം വേണമെന്നാവശ്യം ശക്തമാകുന്നു. ദേശീയ പാതയിൽ നിന്നുള്ള പ്രധാന പ്രവേശന മാർഗ്ഗത്തിന് പുറമേയാണിത്.
അറുപറക്കോണം റെയിൽവേ അടിപ്പാലത്തിന് സമീപത്ത് നിന്ന് റെയിൽവേ ഭൂമിയിലൂടെ വഴി ഒരുക്കണമെന്നാണ് ആവശ്യം. നിലവിൽ ഇവിടെ സ്റ്റേഷനിലേക്ക് എത്തുന്ന നടവഴിയുണ്ട്. ഇത് വീതി കൂട്ടി റോഡ് നിർമ്മിക്കുന്നതിനാവശ്യമായ സ്ഥലം റെയിൽവേയുടെ അധീനതയിൽ തന്നെ ഉണ്ട്. ഇതിനാവശ്യമായ പദ്ധതി ബന്ധപ്പെട്ട അധികൃതർ തയ്യാറാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
ദേശീയ പാതയിലേക്ക് ബൈപ്പാസ്
നിലവിൽ കൊല്ലം ഭാഗത്തേക്ക് നെടുമൺകാവ് റോഡിലൂടെ വരുന്ന വാഹനങ്ങൾ എഴുകോൺ ജംഗ്ഷനിലെത്തി ദേശീയ പാതയിലൂടെ വേണം പോകാൻ. രാവിലെയും വൈകിട്ടും വലിയ തിരക്കും ഗതാഗത കുരുക്കുമാണ് ജംഗ്ഷനിലും ദേശീയപാതയിലും ഉണ്ടാകുന്നത്. സ്കൂൾ സമയത്ത് വിവരണാതീതമായ തിരക്കാണ്.
പോച്ചംകോണത്ത് നിന്ന് ഗവ. ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിന് മുന്നിലൂടെ അറുപറക്കോണം തുരങ്കം വഴി ദേശീയപാതയുമായി ബന്ധിക്കുന്ന റോഡ് നിലവിലുണ്ട്. കെ.ഐ.പി നിയന്ത്രണത്തിലുള്ളതാണ് ഈ റോഡ്. മന്ത്രി കെ.എൻ.ബാലഗോപാൽ ഇടപെട്ട് ഈ റോഡിന്റെ സമഗ്ര വികസനത്തിന് ഇപ്പോൾ ഫണ്ട് അനുവദിച്ചിട്ടുണ്ട്. ഈ റോഡ് ഭാവനാത്മകമായി വികസിപ്പിച്ച് ഉപയോഗിച്ചാൽ കരീപ്ര,ഇടയ്ക്കിടം, കൊച്ചാഞ്ഞിലിമൂട് മേഖലകളിൽ നിന്നെത്തുന്നവർക്ക് ദേശീയപാതയിലേക്കുള്ള ബൈ പാസായി ഉപയോഗിക്കാൻ കഴിയും. അങ്ങനെ വന്നാൽ ബൈ പാസ് റോഡിൽ നിന്നുള്ള പ്രവേശന കവാടമായി അറുപറക്കോണത്തെ റെയിൽവേ സ്റ്റേഷൻ വഴി മാറും.
സ്റ്റേഷൻ വികസനത്തിന് അനിവാര്യം
അറുപറക്കോണം പ്രവേശന കവാടം എഴുകോൺ റെയിൽവേ സ്റ്റേഷൻ വികസനത്തിന് അനിവാര്യമാണ്. റിസർവേഷൻ സൗകര്യം ഏർപ്പെടുത്തണമെന്ന നാട്ടുകാരുടെ പതിറ്റാണ്ടുകളായുള്ള ആവശ്യം അടുത്തിടെയാണ് അംഗീകരിച്ചത്. പ്രതിമാസം ലക്ഷകണക്കിന് രൂപയുടെ വരുമാന വർദ്ധനവാണ് ഇത് മൂലം ഉണ്ടായത്.
സമാന രീതിയിൽ എഴുകോൺ റെയിൽവേ സ്റ്റേഷൻ വികസനത്തിന്റെ നാഴിക കല്ലായി അറുപറക്കോണം പ്രവേശന കവാടം മാറുമെന്നാണ് പ്രദേശവാസികളും ട്രെയിൻ യാത്രക്കാരും പറയുന്നത്.