പുത്തൂർ: എസ്.എൻ. പുരം വിഷ്ണു ഭവനിൽ താമസിക്കുന്ന ഇന്ദിര (63) കഴിഞ്ഞ മൂന്ന് മാസമായി കാണാതായ മകനെ കാത്തിരിക്കുകയാണ്. ഡ്രൈവറായ മകൻ രാമു (38) മൂന്ന് മാസം മുൻപ് പാഴ്‌സൽ സർവീസിന്റെ ലോറിയുമായി റായ്പൂരിലേക്ക് പോയ ശേഷമാണ് കാണാതായത്. ഏകദേശം 10 വർഷമായി ഡ്രൈവറായി ജോലി ചെയ്യുന്ന രാമു, ജൂലായ് 19-ന് അമ്മയെ ഫോണിൽ വിളിച്ച് വീട്ടിലേക്ക് വരികയാണെന്ന് അറിയിച്ചിരുന്നു. എന്നാൽ എത്തേണ്ട ദിവസം കഴിഞ്ഞിട്ടും മകൻ എത്തിയില്ല. ജൂലായ് 22-ന് രാത്രി രാമു അമ്മയെ വീണ്ടും വിളിച്ചു. ട്രെയിൻ മാറിയെന്നും, വിജയവാഡയിൽ ഇറങ്ങേണ്ടി വന്നെന്നും ശരീരത്തിന് സുഖമില്ലാത്തതിനാൽ ഉറങ്ങാൻ പോവുകയാണെന്നും രാവിലെ വിളിക്കാമെന്നും അറിയിച്ചിരുന്നു. എന്നാൽ രാവിലെ മുതൽ രാമുവിന്റെ ഫോൺ സ്വിച്ച് ഓഫാകുകയായിരുന്നു. തുടർന്ന്, മാതാവ് ഇന്ദിര പുത്തൂർ പൊലീസിൽ പരാതി നൽകി. പൊലീസ് വിജയവാഡയിലെത്തി സി.സി.ടി.വി. ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിക്കുകയും സൈബർ സെല്ലിന്റെ സഹായം തേടുകയും ചെയ്‌തെങ്കിലും യാതൊരു വിവരവും ലഭിച്ചില്ല. രാമു വർഷങ്ങളായി ഭാര്യയുമായി പിണങ്ങി കഴിയുകയാണ്.ഒരു മകളുണ്ട്. എല്ലാ വഴികളും അടഞ്ഞിട്ടും പ്രതീക്ഷ കൈവിടാതെയാണ് ഇന്ദിര ഇപ്പോഴും മകന്റെ തിരിച്ചുവരവിനായി കാത്തിരിക്കുന്നത്.