photo-
തകർന്നു കിടക്കുന്ന കാരാളിമുക്ക് - റെയിൽവേ സ്റ്റേഷൻ റോഡ്

ശാസ്താംകോട്ട : ശാസ്താംകോട്ട റെയിൽവേ സ്‌റ്റേഷനിൽ കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുകയും നാടിന്റെ നാനാഭാഗങ്ങളിൽ നിന്ന് കൂടുതൽ യാത്രക്കാർ ഇവിടേക്ക് എത്തുകയും ചെയ്യുമ്പോഴും റെയിൽവേ സ്റ്റേഷനിലേക്കുള്ള യാത്രാ ദുരിതങ്ങൾക്ക് പരിഹാരമാകുന്നില്ലെന്ന് പരാതി. പ്രധാന ജംഗ്ഷനുകളിൽ നിന്ന് ഏകദേശം 3 കിലോമീറ്റർ ഉള്ളിലാണ് റെയിൽവേ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്.റോഡുകളുടെ വീതിക്കുറവും കൈയ്യേറ്റവുമാണ് ഒരു പ്രശ്നം. നിരന്തര ആവശ്യത്തെ തുടർന്ന് ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിലേക്ക് പത്തനംതിട്ടയിൽ നിന്ന് ബസ് സർവീസ് ആരംഭിച്ചെങ്കിലും അതിന്റെ സർവീസിനെപ്പോലും ബാധിക്കുന്ന തരത്തിലാണ് റോഡുകൾ തകർന്ന് കിടക്കുന്നത്. ത്രിതല പഞ്ചായത്തുകളുടെയും അധികാരത്തിലുള്ളതാണ് ഒട്ടുമിക്ക റോഡുകളും റെയിൽവേ സ്റ്റേഷനിലെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിക്കുന്നതിനോടൊപ്പം യാത്രാ സൗകര്യങ്ങളും വർദ്ധിപ്പിക്കണമെന്നാണ് യാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യം. കോവൂർ കുഞ്ഞുമോൻ എം.എൽ.എയുടെ പരിശ്രമഫലമായി കാരാളിമുക്ക് - റെയിൽവേ സ്റ്റേഷൻ - കുറ്റിയിൽ മുക്ക് റോഡ് പുനർ നിർമ്മാണത്തിന് 2 കോടി രൂപ അനുവദിച്ചിട്ടുണ്ട്. അതിൽ പ്രതീക്ഷ അർപ്പിച്ചിരിക്കുകയാണ് യാത്രക്കാരും നാട്ടുകാരും