തൊടിയൂർ: കരുനാഗപ്പള്ളി - ശാസ്താംകോട്ട റോഡിലെ മാളിയേക്കൽ മേൽപ്പാലത്തിലും സർവീസ് റോഡിലും സാമൂഹ്യ വിരുദ്ധർ വലിയ അളവിൽ കക്കൂസ് മാലിന്യം ഒഴുക്കി. ഞായറാഴ്ച അർദ്ധരാത്രിക്ക് ശേഷമാണ് ഈ ഗുരുതരമായ സംഭവം നടന്നത്. മേൽപ്പാലത്തിൽ മാലിന്യം ഒഴുക്കിയ ശേഷം പാലത്തിന്റെ അരികിലെ ഹോളിലൂടെ ഹോസ് ഉപയോഗിച്ച് താഴെയുള്ള തെക്ക് വശത്തെ സർവീസ് റോഡിലേക്കും ഒഴുക്കുകയായിരുന്നു.
കരുനാഗപ്പള്ളി വെയർഹൗസ്, ബിവറേജ് ഔട്ട്‌ലെറ്റ് എന്നിവിടങ്ങളിലേക്ക് ആളുകൾ സഞ്ചരിക്കുന്ന ഈ പ്രധാന വഴിയിൽ മാലിന്യം തളംകെട്ടി നിൽക്കുകയാണ്. മാളിയേക്കൽ ജംഗ്ഷനിൽ നിന്ന് കല്ലേലിഭാഗം വില്ലേജ് ഓഫീസ് ജംഗ്ഷനിലേക്ക് പോകുന്ന ഈ റോഡിലൂടെ യാത്ര ചെയ്ത നിരവധി പേർ കെട്ടിക്കിടന്ന മാലിന്യം തിരിച്ചറിയാനാകാതെ അതിനുള്ളിൽ അകപ്പെട്ടു. തുടർന്ന്, പരിസരവാസികൾ ഇടപെട്ടാണ് യാത്രക്കാരെ വഴി മാറ്റി വിട്ടത്.
മാലിന്യം ഇപ്പോഴും റോഡിൽ തന്നെ
സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ നാട്ടുകാർ പഞ്ചായത്ത് അധികൃതരെയും പൊലീസിനെയും ഫയർഫോഴ്‌സിനെയും വിവരം അറിയിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു വിജയകുമാറും സെക്രട്ടറി സി.രാജേന്ദ്രനും സ്ഥലത്തെത്തി കാര്യങ്ങൾ പരിശോധിച്ചു. എന്നാൽ, കക്കൂസ് മാലിന്യം കഴുകി മാറ്റാൻ കഴിയില്ലെന്നാണ് ഫയർഫോഴ്‌സ് അധികൃതർ പഞ്ചായത്തിനെ അറിയിച്ചത്. ഇന്നലെ വൈകിട്ട് പഞ്ചായത്ത് അധികൃതർ കെട്ടിക്കിടക്കുന്ന മാലിന്യത്തിൽ ലോഷൻ തളിച്ചെങ്കിലും മേൽപ്പാലത്തിലും സർവീസ് റോഡിലും മാലിന്യം ഇപ്പോഴും അതേപടി കെട്ടിക്കിടക്കുകയാണ്.
മേൽപ്പാലത്തിൽ സി.സി.ടി.വി സ്ഥാപിക്കുന്നതിനും ഇത്തരം കാര്യങ്ങൾ ആവർത്തിക്കാരിക്കുന്നതിനും ആവശ്യമായ സത്വര നടപടികൾ സ്വീകരിക്കണം.
നാട്ടുകാർ