പുനലൂർ :മുക്കടവ് ആളുകേറാമലയിൽ റബർ തോട്ടത്തിൽ അജ്ഞാതന്റെ മൃതദേഹം ചങ്ങലയിൽ ബന്ധിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ശാസ്ത്രീയ തെളിവെടുപ്പിനായി ഇന്നലെ ആളുകേറാ മലയ്ക്ക് ചുറ്റും ഡ്രോൺ പറത്തി വിവരങ്ങൾ ശേഖരിച്ചു. ആളുകേറാമലയിൽ മരിച്ച ആളിനെ എങ്ങനെയാണ് അവിടെ എത്തിച്ചതെന്ന് അറിയുന്നതിന് കൂടുതൽ റോഡ് മാർഗ്ഗം കണ്ടെത്തുന്നതിനും കാടുപിടിച്ചു കിടക്കുന്ന ഭാഗങ്ങളിൽ നിന്നും കേസ് അന്വേഷണത്തിന് സഹായകമായ തെളിവുകൾ ശേഖരിക്കുന്നതിനുമാണ് ഡ്രോൺ പറത്തിയത്. എന്നാൽ ഇന്നലെ കേസ് അന്വേഷണത്തിന് സഹായകമായ തെളിവുകൾ ലഭിച്ചിട്ടില്ല എന്നാണ് വിവരം. ഇതിനിടെ റബർ മരത്തിൽ മൃതദേഹം ബന്ധിച്ചിരുന്ന ചങ്ങല പഴയതായതിനാൽ കിഴക്കൻ മേഖലയിൽ എവിടെ നിന്നെങ്കിലും മോഷ്ടിക്കപ്പെട്ടത് ആകാമെന്ന നിഗമനത്തിലാണ് പൊലീസ്. ഇതിന്റെ അടിസ്ഥാനത്തിൽ കിഴക്കൻ മേഖലയിൽ നിന്നും ചങ്ങല എവിടെനിന്നെങ്കിലും മോഷണം പോയിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുകയാണ്. അത്തരം സംഭവമുണ്ടെങ്കിൽ പൊലീസിനെ അറിയിക്കണമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറഞ്ഞു. മൂന്നര മീറ്ററോളം നീളമുള്ള ചങ്ങല കടകളുടെ മുൻഭാഗത്തും മറ്റും വലിച്ചുകെട്ടുന്ന ചങ്ങലയാണെന്നാണ് പൊലീസിന് വിവരം ലഭിച്ചിരിക്കുന്നത്. 20 അംഗ സംഘം കഴിഞ്ഞ ആറ് ദിവസമായി തമിഴ്നാട്ടിലും കേരളത്തിലും വ്യാപകമായി അന്വേഷണം നടത്തിയിട്ടും ആരുടേതാണ് മൃതദേഹം എന്നോ കൊല നടത്തിയത് ആരാണെന്നോ ഒരു തുമ്പും ലഭിച്ചിട്ടില്ല. ലഭ്യമായ എല്ലാ ഉറവിടങ്ങൾ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തിവരികയാണ്. ഈ മാസം 23 നാണ് ജീർണിച്ച മൃതദേഹം കണ്ടെത്തിയത്.