
ഇരവിപുരം: വിദേശ വിദ്യാഭ്യാസ കൺസൽട്ടൻസിയുടെ പേരിൽ വിദേശ പഠനത്തിനും തൊഴിലിനും വിസ വാഗ്ദാനം ചെയ്ത് നിരവധി പേരിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത് മുങ്ങിയ സ്ഥാപന നടത്തിപ്പുകാരിൽ ഒരാളായ യുവാവ് പിടിയിൽ. മയ്യനാട് തോപ്പിൽമുക്ക് ഷീബാ മൻസിലിൽ ഷെമീമിനെയാണ് (35) കഴിഞ്ഞ ദിവസം ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തത്.
തട്ടിയെടുത്ത പണവുമായി ദുബായിലേക്ക് മുങ്ങിയ ഇയാൾ തിരികെ നാട്ടിലേക്ക് എത്തുന്നുണ്ടെന്ന് മനസിലാക്കിയ അന്വേഷണ സംഘം തിരുവനന്തപുരം എയർപോർട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്. തട്ടിപ്പിനിരയായി നാല് ലക്ഷം രൂപ നഷ്ടപ്പെട്ട കല്ലറ സ്വദേശിയായ യുവാവിന്റെ പരാതിയിലാണ് ഇപ്പോൾ അറസ്റ്റ്. കഴിഞ്ഞവർഷം സെപ്തംബർ 4ന് ആയിരുന്നു സംഭവം. കുറഞ്ഞ നിരക്കിൽ നൽകുമെന്ന് കാണിച്ച് സ്ഥാപനത്തിന്റെ ഇൻസ്റ്റഗ്രാം പേജിൽ വന്ന പരസ്യം കണ്ടാണ് യുവാവ് ഷെമീമുമായി ബന്ധപ്പെടുന്നത്. തുടർന്ന് ഇയാളുടെ നിർദ്ദേശപ്രകാരം സ്ഥാപനത്തിലെത്തുകയും കാര്യങ്ങൾ ചോദിച്ച് മനസിലാക്കിയ ശേഷം പള്ളിമുക്കിലെ യൂണിയൻ ബാങ്കിലെ അക്കൗണ്ടിലേക്ക് നാല് ലക്ഷം രൂപ അയപ്പിക്കുകയുമായിരുന്നു.
യു.കെയിലേക്ക് വിസ ഉടൻ തരപ്പെടുത്തി കൊടുക്കാമെന്നായിരുന്നു വാഗ്ദാനം. എന്നാൽ വിസയോ നൽകിയ പണമോ തിരികെ ലഭിച്ചില്ല. ഇതോടെയാണ് തട്ടിപ്പ് മനസിലായത്. ഇത്തരത്തിൽ നിരവധിപ്പേരാണ് തട്ടിപ്പിന് ഇരയായത്. തട്ടിപ്പ് കേസിലെ രണ്ടാം പ്രതിയാണ് ഷെമീം. ഇയാളെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. ഇരവിപുരം സ്വദേശികളായ മകനും പിതാവുമാണ് ഒന്നും രണ്ടും പ്രതികൾ. ഒന്നാംപ്രതി വിദേശത്തേക്ക് കടന്നുകടഞ്ഞെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
സൗഹൃദത്തിലൂടെ തട്ടിപ്പിലേക്ക്
റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബർഗിൽ എം.ബി.ബി.എസിന് പഠിച്ചുകൊണ്ടിരുന്ന ഷെമീം പ്ലസ് ടു പൂർത്തിയാക്കി നിന്ന ഒന്നാംപ്രതിയുമായി സഹൃദത്തിലായി
പ്രതിഫലം വാങ്ങി ഇയാളെ റഷ്യയിലേക്ക് എത്തിക്കുകയും എം.ബി.ബി.എസ് പഠിക്കാൻ അവസരം ഒരുക്കുകയും ചെയ്തു
കുറച്ച് നാളിന്ശേഷം താൻ ഒരു കൺസൾട്ടൻസി ആരംഭിക്കാൻ പോവുകയാണെന്നും ഒപ്പം നിൽക്കണമെന്നും യുവാവിനോട് പറഞ്ഞു
ശേഷം വെണ്ടർ മുക്കിൽ കൺസൾട്ടൻസി ആരംഭിച്ചു. സ്ഥാപനത്തിന്റെ ലൈസൻസും ബാങ്ക് അക്കൗണ്ടുകളുമെല്ലാം ഷെമീമിന്റെ പേരിലായിരുന്നു
വിസ വാഗ്ദാനം നൽകി നിരവധി പേരിൽ നിന്ന് പണം വാങ്ങിയ ശേഷം ഇയാൾ വിദേശത്തേക്ക് മുങ്ങി
ഇതിനിടെ തട്ടിപ്പിനിരയായവർ ഇയാളോടൊപ്പം സ്ഥാപനത്തിൽ ഉണ്ടായിരുന്നവരുടെ കുടുംബക്കാരുമായി വഴക്കുണ്ടാകുകയും തുടർന്ന് പരാതിയുടെ അടിസ്ഥാനത്തിൽ ഇരവിപുരം പൊലീസ് ഇയാൾ ഉൾപ്പെടെ ഒപ്പം ഉണ്ടായിരുന്ന യുവാവിനെയും പിതാവിനെയും ഉൾപ്പെടെ പ്രതി ചേർത്ത് കേസെടുക്കുകയായിരുന്നു