photo
കൊട്ടാരക്കര താലൂക്ക് ആശുപത്രിയുടെ പ്രവേശന വഴിയിലെ വെള്ളക്കെട്ട്

കൊട്ടാരക്കര: താലൂക്ക് ആശുപത്രിയുടെ പ്രവേശന വഴിയിൽ വീണ്ടും വെള്ളക്കെട്ടും ചെളയും. കാൽനട യാത്രപോലും ബുദ്ധിമുട്ട്. രോഗികളും കൂട്ടിരിപ്പുകാരും ഉദ്യോഗസ്ഥരുമടക്കം ദുരിതത്തിലായിട്ടും പരിഹാര സംവിധാനമാകുന്നില്ല. ചെറിയ മഴ പെയ്താൽപ്പോലും ഇവിടെ വെള്ളം കെട്ടി നിൽക്കുന്ന സ്ഥിതിയാണ്. ആംബുലൻസ് അടക്കമുള്ളവ ചീറിപ്പാഞ്ഞെത്തിയാൽ പരിസരത്ത് നിൽക്കുന്നവരുടെ ദേഹത്തേക്ക് ചെളിവെള്ളം തെറിക്കും. ഇതേച്ചൊല്ലിയുള്ള വാക്കുതർക്കങ്ങളും കലങ്ങളുമൊക്കെ ഇവിടെ പതിവാണ്.

പരിമിതികൾക്ക് നടുവിൽ

കോടികൾ മുടക്കിയുള്ള ഹൈടെക് വികസന പദ്ധതികളുടെ നിർമ്മാണം തുടങ്ങിയിട്ട് വർഷങ്ങൾ പലതായി. അഡ്മിനിസ്ട്രേറ്റീവ് ബ്ളോക്ക് മാത്രമാണ് പൂർത്തിയായതും പ്രവർത്തനം തുടങ്ങിയതും. മറ്റ് കെട്ടിടങ്ങളൊക്കെ പാതിവഴിയിലാണ്. ഇതുമൂലം സ്ഥല പരിമിതി ഏറെയുണ്ട്. പഴയ കെട്ടിടങ്ങളൊക്കെ പൊളിച്ച് മാറ്റുകയും ചെയ്തു. ഈ പരിമിതികൾക്ക് നടുവിൽ നിൽക്കുമ്പോഴാണ് നിസാരമായി പരിഹരിക്കേണ്ട വെള്ളകെട്ട് പ്രശ്നം. ആശുപത്രിയുടെ പ്രവേശന കവാടം കഴിഞ്ഞാൽ പലയിടങ്ങളിലായി ചെറു കുഴികളിൽ വെള്ളം കെട്ടിനിൽക്കുകയാണ്.

നഗരസഭ മുൻകൈയെടുക്കണം

അഡ്മിനിസ്ട്രേറ്റീവ് ബ്ളോക്കിന് സമീപത്തുകൂടി ആംബുലൻസുകൾക്ക് തിരികെ പോകുവാൻ ഒരു വഴികൂടി തുറന്നിട്ടുണ്ട്. ഈ വഴിയും വന്നുചേരുന്നത് വെള്ളക്കെട്ടുള്ള വഴിയിലേക്കുതന്നെയാണ്. നഗരസഭ മുൻകൈയെടുത്താൽ ഈ വെള്ളക്കെട്ട് മാറ്റാവുന്നതാണ്. എന്നാൽ ആരും താത്പര്യമെടുക്കുന്നില്ല.