പുനലൂർ: ശബരിമല തീർത്ഥാടകരെ ലക്ഷ്യമിട്ട് പുനലൂരിൽ ടി.ബി. ജംഗ്ഷനിലെ കല്ലടയാറിന്റെ തീരത്ത് നിർമ്മിച്ച സ്നാനഘട്ടവും അനുബന്ധ കെട്ടിടങ്ങളും അവഗണനയിൽ. വിനോദസഞ്ചാര വകുപ്പിന്റെയും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും (ടി.ഡി.പി.സി) നേതൃത്വത്തിലാണ് സ്നാനഘട്ടം നിർമ്മിച്ചത്. കൊച്ചു പമ്പ എന്നറിയപ്പെടുന്ന പുനലൂർ, തമിഴ്‌നാട്ടിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വരുന്ന തീർത്ഥാടകരുടെ പ്രധാന ഇടത്താവളങ്ങളിൽ ഒന്നാണ്.
മാലിന്യ പ്രശ്നവും സുരക്ഷാ വീഴ്ചയും
പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാനുള്ള സൗകര്യം പോലും തീരെ കുറവായ ഇവിടെ, കുളിക്കടവ് ഭാഗങ്ങളെല്ലാം കാടുപിടിച്ച് കിടക്കുകയാണ്. കൂടാതെ, സുരക്ഷാ വേലികളോ വേണ്ടത്ര സുരക്ഷാ സംവിധാനങ്ങളോ കുളിക്കടവിൽ ഇല്ല. കുളിക്കാൻ ഇറങ്ങി നിരവധി പേർ അപകടത്തിൽപ്പെട്ടിട്ടും സ്ഥിരം സുരക്ഷാ സംവിധാനം ഒരുക്കാൻ അധികൃതർ തയ്യാറാകുന്നില്ല. ശബരിമല സീസണിൽ ആറിന്റെ തീരത്ത് മുളയും കയറും കെട്ടി സുരക്ഷയൊരുക്കിയെന്ന് വരുത്തുകയാണ് പതിവ്.
ആശുപത്രി മാലിന്യം കല്ലടയാറ്റിലേക്ക്
പുനലൂർ സ്നാനഘട്ടത്തിൽ സ്നാനം കഴിഞ്ഞാൽ രോഗികളാകും എന്നകാര്യത്തിൽ സംശയം വേണ്ട. ആശുപത്രി മാലിന്യങ്ങൾ ഉൾപ്പെടെയുള്ള ദുർഗ്ഗന്ധം വമിക്കുന്ന മാലിന്യങ്ങൾ ഓടയിലൂടെ കുളിക്കടവിലേക്കാണ് ഒഴുകിയെത്തുന്നത്. രാത്രിയുടെ മറവിലാണ് കൂടുതൽ മാലിന്യം ഓടയിലൂടെ കല്ലടയാറ്റിലേക്ക് ഒഴുക്കി വിടുന്നത്. അധികൃതർ ഇത് കണ്ടില്ലെന്ന് നടിക്കുന്നതിനാൽ, സ്നാനഘട്ടത്തിലേക്കുള്ള ഓടയുടെ ദിശ മാറ്റിയില്ലെങ്കിൽ തീർത്ഥാടകർക്ക് എന്നും മാലിന്യത്തിൽ കുളിക്കാനേ കഴിയൂ. മാലിന്യം ഒഴുക്കുന്നത് അറിയാമെങ്കിലും അധികൃതർ നടപടിയെടുക്കാത്തതിൽ നാട്ടുകാർക്ക് ശക്തമായ പ്രതിഷേധമുണ്ട്.
അസൗകര്യങ്ങളേറെ
നിലവിൽ ഇവിടെ അഞ്ച് ടോയ്ലറ്റുകൾ മാത്രമാണ് ഉള്ളത്. മണ്ഡലകാലത്തോടനുബന്ധിച്ച് തീർത്ഥാടകരുടെ എണ്ണത്തിൽ വർദ്ധനവ് വരുമ്പോൾ ഈ കുറവ് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കും. തീർത്ഥാടകരുടെ വിശ്രമ ഹാളും ചെറുതാണ്. സുഭിക്ഷം പദ്ധതിയിൽ പ്രവർത്തിച്ചിരുന്ന ഭക്ഷണശാല സബ്സിഡി ലഭിക്കാത്തതിനാൽ നിലച്ചു.
വിനോദസഞ്ചാര സാദ്ധ്യത
തൂക്കുപാലത്തിന് സമീപം സ്ഥിതി ചെയ്യുന്ന സ്നാനഘട്ടം ടൂറിസത്തിന് ഏറെ സാദ്ധ്യതയുള്ള പ്രദേശമാണ്. തൂക്കുപാലം കാണാൻ വരുന്ന വിനോദസഞ്ചാരികൾക്ക് വിശ്രമിക്കാനുള്ള ഒരിടമായും ഇവിടം മാറും. നിലവിൽ രണ്ട് ശുചീകരണ തൊഴിലാളികളും ഒരു സെക്യൂരിറ്റിയും ഒരു സൂപ്പർവൈസറുമാണ് ഇവിടെയുള്ളത്.
മണ്ഡലകാലം അടുക്കുമ്പോൾ കൂടുതൽ തീർത്ഥാടകർ ഇവിടെയെത്തും. എത്രയും വേഗം തന്നെ കുളിക്കടവ് വൃത്തിയാക്കി സുരക്ഷാവേലികൾ സ്ഥാപിക്കണം . ഓടയിലെ മാലിന്യം കല്ലടയാറ്റിലേക്ക് ഒഴുക്കുന്നത് തടയാനുള്ള സംവിധാനം അടിയന്തരമായി നടപ്പിലാക്കണം.
നാട്ടുകാർ