photo

പാവറട്ടി : എളവള്ളി പഞ്ചായത്തിലെ ഹരിത കർമ്മ സേനയുടെ പ്രവർത്തനങ്ങൾക്കായി ഇനി ഇലക്ട്രിക് ഓട്ടോ. 16 വാർഡുകളിൽ നിന്നും ശേഖരിക്കുന്ന അജൈവ മാലിന്യങ്ങൾ മിനി മെറ്റീരിയൽ കളക്്ഷൻ ഫെസിലിറ്റിയിൽ താത്കാലികമായി സൂക്ഷിച്ച് പിന്നീട് എം.സി.എഫിലേക്ക് മാറ്റുന്നതിനാണ് ഇലക്ട്രിക് ഓട്ടോ ഉപയോഗപ്പെടുത്തുക. കൂടാതെ എല്ലാ ചൊവ്വാഴ്ചകളിലും പഞ്ചായത്തിലെ മുഴുവൻ വാർഡുകളിൽ നിന്നും ഡയപ്പർ ശേഖരിക്കുന്നതിനും ഇ-ഓട്ടോ ഉപയോഗപ്പെടുത്തും. ശുചിത്വ മിഷന്റെ 70 ശതമാനം വിഹിതവും പഞ്ചായത്തിന്റെ 30 ശതമാനം വിഹിതവും ചേർത്ത് അഞ്ച് ലക്ഷം രൂപയ്ക്കാണ് ഇ-ഓട്ടോ വാങ്ങിയത്. 32 ഹരിത കർമ്മ സേനാ അംഗങ്ങളാണ് പഞ്ചായത്തിലുള്ളത്. അജൈവ മാലിന്യങ്ങൾ എം.സി.എഫിലേക്ക് നീക്കുന്നതിനും മറ്റും ഇ-ഓട്ടോകൾ ഹരിതകർമ്മ സേന അംഗങ്ങൾക്ക് ഏറെ സഹായകമാകും.

താക്കോൽ ദാനം നടത്തി
ഇലക്ട്രിക് ഓട്ടോയുടെ താക്കോൽദാനം എളവള്ളി പഞ്ചായത്ത് പ്രസിഡന്റ് ജിയോ ഫോക്‌സ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് ബിന്ദു പ്രദീപ് അദ്ധ്യക്ഷയായി. എൻ.ബി.ജയ, എം.പി.ശരത് കുമാർ, പി.എം.അബു, ലിസി വർഗീസ്, രാജി മണികണ്ഠൻ, സുരേഷ് കരുമത്തിൽ, സൗമ്യ രതീഷ്, സി.എസ്.രശ്മി, ഷീല മുരളി, സലീജ ഷെമീർ, അനു ഫിലിപ്പോസ്, സുധ ശിവപ്രസാദ് എന്നിവർ പ്രസംഗിച്ചു.