കൊടുങ്ങല്ലൂർ : യു.എ.ഇയ്ക്കായി ഏഷ്യൻ യോഗാസന ചാമ്പ്യൻഷിപ്പിൽ കിരീടം നേടി കൊടുക്കാൻ ചീഫ് കോച്ചായി അമരത്ത് നിന്നത് മതിലകം സ്വദേശിയായ നിബി മനോഹരൻ. ഇക്കഴിഞ്ഞ ഏഷ്യൻ യോഗാസന ചാമ്പ്യൻഷിപ്പിൽ യു.എ.ഇയിൽ നിന്നും 35 പേരെ പങ്കെടുപ്പിച്ച് 27 പേർക്ക് മെഡലുകൾ നേടി കൊടുക്കുവാൾ യോഗമാസ്റ്ററായ നിബിക്കായി.
മതിലകം കളരിപ്പറമ്പ് വടക്കേടത്ത് സുജേഷിന്റെ ഭാര്യയാണ്. യു.എ.ഇയ്ക്കായി കിരീടം ചൂടുന്നതിൽ ഇന്ത്യക്കാർ, റഷ്യക്കാർ, സിറിയ, ഇറാൻ ഉൾപ്പെടെ നിരവധി രാജ്യങ്ങളിലെ ആളുകളെ പരിശീലിപ്പിച്ചാണ് ഈ ജൈത്രയാത്രയ്ക്ക് തുടക്കം കുറിച്ചത്. നിബി സുജേഷ് ദമ്പതികളുടെ ഏക മകനായ ശ്രേയസ് കൃഷ്ണയും ഏഷ്യൻ യോഗാസന ചാമ്പ്യൻഷിപ്പിൽ യു.എ.ഇയ്ക്കായി മെഡൽ നേടിയിരുന്നു. യു.എ.ഇയിൽ അക്കൗണ്ടന്റ് ആയി ജോലി ചെയ്യുന്ന ഭർത്താവ് സുജേഷും മാർഷൽ ആർട്‌സ് രംഗത്ത് കുട്ടികളെ പരിശീലിപ്പിക്കുന്നതിന് സമയം കണ്ടെത്താറുണ്ട്. കുടുംബത്തോടൊപ്പം യു.എ.ഇയിൽ താമസിച്ച് യോഗയെ സംബന്ധിച്ച് ഉപരി പഠനങ്ങൾ നടത്തുന്നതോടൊപ്പം 15 വർഷമായി യോഗ ഇൻസ്ട്രക്ടറായും, ഓൺലൈൻ ട്രെയിനറായും ഈ മേഖലയിൽ പ്രവർത്തിച്ചുവരികയാണ്.