കൊടുങ്ങല്ലൂർ : വിവിധ കലാരൂപങ്ങളും കലാപരിപാടികളും കോർത്തിണക്കിയുള്ള മുസിരിസ് ഓണനിലാവ് ആഘോഷ പരിപാടികൾ രണ്ട് മുതൽ ഏഴ് വരെ മുസിരിസ് പൈതൃക പദ്ധതിയുടെ വിവിധ ഇടങ്ങളിലായി സംഘടിപ്പിക്കും. രണ്ടിന് ശാന്തിപുരം പി.എ.സെയ്ദ് മുഹമ്മദ് മെമ്മോറിയൽ ലൈബ്രറിയിൽ മന്ത്രി കെ.രാജൻ പരിപാടികൾ രാവിലെ 10ന് ഉദ്ഘാടനം ചെയ്യും.
ഇ.ടി.ടൈസൺ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. കയ്പമംഗലം നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളും ബി.ആർ.സിയുമായി സഹകരിച്ച് പൂക്കളമത്സരം നടക്കും. മുസിരിസ് പൈതൃക പദ്ധതിയും മതിലകം പഞ്ചായത്തും മതിലകം പൈതൃക കലാകായിക കൂട്ടായ്മയും സംയുക്തമായി ഏഴിന് ഉച്ചയ്ക്ക് രണ്ട് മുതൽ മതിലകം ബംഗ്ലാകടവിൽ കലാകായിക മത്സരം സംഘടിപ്പിക്കും.
സമാപന സമ്മേളനം അഞ്ചിന് വൈകീട്ട് ഏഴിന് അഴീക്കോട് മുനയ്ക്കൽ മുസിരിസ് ബീച്ചിൽ ഇ.ടി.ടൈസൺ എം.എൽ.എ ഉദ്ഘാടനം ചെയ്യും. തുടർന്ന് ഡി.ടി.പി.സിയുടെ സഹകരണത്തിൽ സംഗീത നിശയുമുണ്ടാകും. കൊടുങ്ങല്ലൂർ മേഖലയിലെ ഓണാഘോഷങ്ങൾ മൂന്നിന് വൈകീട്ട് അഞ്ചിന് കോട്ടപ്പുറം വാട്ടർ ഫ്രണ്ടിൽ ഓൺ ദി ഫ്‌ളോർ അക്കാഡമി അവതരിപ്പിക്കുന്ന ആരവം മെഗാ ഇവന്റിലൂടെ ആരംഭിക്കും. ഓണാഘോഷത്തോട് അനുബന്ധിച്ചുള്ള സാംസ്‌കാരിക സമ്മേളനം നാലിന് വൈകീട്ട് ആറിന് കൊടുങ്ങല്ലൂർ എം.എൽ.എ അഡ്വ.വി.ആർ സുനിൽ കുമാർ ഉദ്ഘാടനം ചെയ്യും.
സംഗീതജ്ഞൻ അമൽ ദേവ് നയിക്കുന്ന മെജസ്റ്റിക് 90സ് ബാൻഡ് അവതരിപ്പിക്കുന്ന ഇൻസ്ട്രുമെന്റൽ മ്യൂസിക് ഷോ അരങ്ങേറും. ഓണാഘോഷങ്ങളുടെ ഭാഗമായി കൊടുങ്ങല്ലൂർ കോട്ടപ്പുറം വാട്ടർ ഫ്രണ്ട് പറവൂർ തട്ടുകടവ് വാട്ടർ ഫ്രണ്ട്, അഴീക്കോട് മുനയ്ക്കൽ മുസിരീസ് ബീച്ച് എന്നിവിടങ്ങളിൽ ദീപാലങ്കാരങ്ങൾ കൂടിയുണ്ടാകും. മുസിരിസിനെ ജനകീയമാക്കുന്നതിനോടൊപ്പം വിനോദ സഞ്ചാരികളെ ആകർഷിക്കാനായുള്ള വൈവിദ്ധ്യമാർന്ന പ്രവർത്തനങ്ങൾക്ക് ആരംഭമാകുമെന്ന് മാനേജിംഗ് ഡയറക്ടർ ഷാരോൺ വീട്ടിൽ അറിയിച്ചു.