എരുമപ്പെട്ടി : വർഷങ്ങളായുള്ള കരിയന്നൂരിലെ കർഷകരുടെ കാത്തിരിപ്പിന് വിരാമിട്ട് കരിയന്നൂർ പാലം നാടിന് സമർപ്പിച്ചു. പദ്ധതി പരിസരത്ത് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം ജലീൽ ആദൂർ കരിയന്നൂർ പാലം ഉദ്ഘാടനം ചെയ്തു. എരുമപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് എസ്.ബസന്ത്‌ലാൽ അദ്ധ്യക്ഷനായി. ഷീജ സുരേഷ്, എം.എം.സലിം, സതി മണികണ്ഠൻ, കെ.ബി.ബബിത, കുഞ്ഞുമോൻ കരിയന്നൂർ, പി.വി.സത്യൻ, ജേക്കബ് ചുങ്കത്ത് തുടങ്ങിയവർ സംസാരിച്ചു.
തോടിന് കുറുകെ ഒരു പാലം വേണമെന്നുള്ളത് കർഷകരുടെ നിരന്തര ആവശ്യമായിരുന്നു. പാടത്തേക്ക് ട്രാക്ടർ കൊണ്ടുവരാനും വിത്തും വളവും എത്തിക്കാനും കൊയ്‌തെടുക്കുന്ന വിളവ് കൊണ്ടുപോകാനും കർഷകർ വലിയതോതിൽ പ്രയാസം അനുഭവിച്ചിരുന്നു. ഈ വിഷയം പാടശേഖര സമിതിയും കർഷകരും ജില്ലാ പഞ്ചായത്ത് മെമ്പറുടെ ശ്രദ്ധയിൽ കൊണ്ടുവന്നതിനെ തുടർന്ന് തൃശൂർ ജില്ലാ പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ 15 ലക്ഷം രൂപ അടങ്കൽ തുക വകയിരുത്തി പാലവും അനുബന്ധ റോഡും നിർമ്മിക്കുകയായിരുന്നു.