1
1

വടക്കാഞ്ചേരി : വിരുപ്പാക്ക മിൽത്തൊഴിലാളികൾക്ക് സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എയും മാനേജുമെന്റും നൽകിയ ഉറപ്പ് നടപ്പായതോടെ മതിയായ രേഖകൾ സമർപ്പിച്ച ജീവനക്കാരുടെ അക്കൗണ്ടിൽ പണമെത്തി. പ്രതീക്ഷകൾ നഷ്ടപ്പെട്ട് കഴിഞ്ഞിരുന്ന വിരുപ്പാക്ക സ്പിന്നിംഗ് മിൽ തൊഴിലാളികൾ ഇത്തവണ സമൃദ്ധിയോടെ പുത്തൻ പ്രതീക്ഷകളോടെ ഓണം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ്. എം.എൽ.എ മാനേജുമെന്റുമായി ചർച്ച നടത്തി പ്രഖ്യാപിച്ച 5000 രൂപ അഡ്വാൻസും മിൽ അടച്ച 2023 ഫെബ്രുവരിയിലെ ശമ്പളവേതന ഇനത്തിൽ നൽകാനുള്ള കുടിശ്ശികയുമാണ് ആവശ്യമായ രേഖകൾ സമർപ്പിച്ചവരുടെ അക്കണ്ടിലെത്തിയത്. പൂട്ടിക്കിടക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് തൊഴിൽ വകുപ്പിൽ നിന്നും ലഭിക്കുന്ന 2000 രൂപയുടെ ധനസഹായവും അടുത്ത ദിവസം ലഭ്യമാകും. ഇതിനുള്ള പട്ടിക തൃശൂർ അസി.ലേബർ ഓഫീസർക്ക് കൈമാറി. ഇതോടെ വലിയ ദുരിതക്കയത്തിലായിരുന്ന 150 ഓളം തൊഴിലാളികൾ പുത്തനുണർവിന്റെ പ്രതീക്ഷയിലാണ്. മിൽ ഈ മാസം അവസാനം തന്നെ തുറന്ന് പ്രവർത്തിപ്പിക്കാനുള്ള ശ്രമങ്ങളും ഒരുഭാഗത്ത് ഊർജിതമായി നടക്കുന്നുണ്ട്. പുനരുജ്ജീവനം സാദ്ധ്യമാക്കി മിൽ ഈ മാസം അവസാനം തന്നെ തുറന്നു പ്രവർത്തിപ്പിക്കുന്നതിനുള്ള തീവ്രശ്രമത്തിലാണ് എം.എൽ.എയുടെ നേതൃത്വത്തിൽ നടത്തിവരുന്നത്. പ്രതീക്ഷകൾ നഷ്ടപ്പെട്ട തൊഴിലാളികൾക്ക് പുതുജീവൻ നൽകുന്ന പ്രഖ്യാപനങ്ങൾ വരുംദിവസങ്ങളിൽ തന്നെ ഉണ്ടാകാനാണ് സാദ്ധ്യത.


മില്ലിൽ ഇന്ന് സമ്പൂർണ ശുചീകരണം

കാട് പിടിച്ച് കിടക്കുന്ന മില്ലും പരിസരവും ഇന്ന് പൂർണമായി ശുചീകരിക്കും. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തുക. തെക്കുംകര പഞ്ചായത്ത് 1216 തൊഴിൽ ദിനങ്ങൾ നീക്കിവച്ചു. 5 ലക്ഷം രൂപയുടേതാണ് പദ്ധതി. രാവിലെ 9.30ന് ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നടക്കും.