photo
.

പാവറട്ടി : സാധാരണക്കാരന് താങ്ങായി എളവള്ളി പഞ്ചായത്തിൽ ആധുനിക സൗകര്യങ്ങളോടെ ജനകീയ ഹോട്ടലിന് തുടക്കമായി. എളവള്ളി പഞ്ചായത്ത് ഓഫീസിന് സമീപം ചിറ്റാട്ടുകരയിലാണ് കുടുംബശ്രീ സംരംഭമായ ഹോട്ടൽ പ്രവർത്തനമാരംഭിച്ചത്. 30 രൂപയ്ക്ക് സാമ്പാറും ഉപ്പേരിയും അച്ചാറും പപ്പടവുമടങ്ങുന്ന രുചികരമായ വിഭവങ്ങളോടെ ഊൺ ലഭിക്കുമെന്നതാണ് പ്രധാന സവിശേഷത. പാർസലിന് 35 രൂപയാണ് ഈടാക്കുക. ആറ് മേശകളിലായി ഒരേ സമയം 26 പേർക്ക് ഭക്ഷണം കഴിക്കാനുള്ള സംവിധാനമുണ്ട്. സ്‌പെഷ്യൽ വിഭവങ്ങളുമുണ്ടാകും. കുടുംബശ്രീ പ്രവർത്തകരായ അഞ്ച് പേരാണ് ദൈനംദിന പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുക. അടുക്കള, കൈകഴുകാനുള്ള സ്ഥലം, പാർസൽ തയ്യാറാക്കാനുള്ള സൗകര്യം, ഭക്ഷണ വിതരണ കൗണ്ടർ, ക്യാഷ് ടോക്കൺ കൗണ്ടർ, പാത്രങ്ങൾ കഴുകുന്നതിനുള്ള പ്രത്യേക സ്ഥലം, സ്റ്റോർ റൂം, ഫ്രിഡ്ജ്, ഗ്യാസ് സ്റ്റൗവുകൾ, മിക്‌സി, വിവിധതരം പാത്രങ്ങൾ, ഇന്റർലോക്ക്, എയറോബിക് കമ്പോസ്റ്റ് യൂണിറ്റ് എന്നിവയാണ് പുതിയ ഹോട്ടലിൽ ഒരുക്കിയിട്ടുള്ളത്. പഞ്ചായത്ത് 27 ലക്ഷം രൂപയും മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് 5 ലക്ഷം രൂപയും ചേർത്ത് 32 ലക്ഷം രൂപയാണ് പദ്ധതിക്കായി നീക്കിവച്ചത്. സാധാരണക്കാർക്ക് മിതമായ നിരക്കിൽ രുചികരമായ ഭക്ഷണം നൽകുകയാണ് ഹോട്ടലിന്റെ പ്രധാനലക്ഷ്യം. വൈവിദ്ധ്യവും നൂതനവുമായ പദ്ധതികളിലൂടെ ജനമനസുകളിൽ സ്ഥാനം പിടിച്ച എളവള്ളി പഞ്ചായത്ത് ഭരണസമിതിക്ക് ഒരു പൊൻതൂവലാണ് നവീന ജനകീയ ഹോട്ടൽ സംരംഭം.

എം.എൽ.എ നാടിന് സമർപ്പിച്ചു
ഹോട്ടൽ കെട്ടിടം മുരളി പെരുനെല്ലി എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജിയോ ഫോക്‌സ് അദ്ധ്യക്ഷനായി. മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതി വേണുഗോപാൽ, ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ.മുഹമ്മദ് ഗസാലി, കുടുംബശ്രീ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഡോ.യു.സലിൽ, ബിന്ദു പ്രദീപ്, ലീന ശ്രീകുമാർ, ചെറുപുഷ്പം ജോണി, എൻ.ബി.ജയ, ടി.സി.മോഹനൻ, തോമസ് രാജൻ, ഷീല മുരളി, സലീജ ഷെമീർ എന്നിവർ പ്രസംഗിച്ചു.