1
1

ചെറുതുരുത്തി : പരാതികൾ പരിഹരിക്കലും കുറ്റാന്വേഷണവുമായി ജോലിത്തിരക്കിൽ അമരുന്ന പൊലീസുകാർ ഓണക്കോടിയുടുത്ത് പൂക്കളം തീർത്തും പാട്ട് പാടിയും ഓണാഘോഷത്തെ വരവേറ്റു. സഗൗരവം യൂണിഫോമിൽ മാത്രം കണ്ടിരുന്ന പൊലീസുകാരുടെ ചെറുതുരുത്തി പൊലീസ് സ്റ്റേഷനിലെ ഓണാഘോഷം അതുകൊണ്ട് തന്നെ വ്യത്യസ്തത നിറഞ്ഞതായി. കാക്കിക്കുള്ളിലെ ജീവിതത്തിന് സന്തോഷ ദിനമായി മാറിയതായിരുന്നു ചെറുതുരുത്തി പൊലീസ് സ്റ്റേഷനിലെ ഓണാഘോഷം. ഓണാഘോഷത്തിലേക്ക് മാവേലി കൂടി എത്തിയതോടെ പൊലീസ് സ്റ്റേഷനിലെ അന്തരീക്ഷം തന്നെ മാറി. ചെറുതുരുത്തി പൊലീസ് സ്റ്റേഷനിലെ ഓണം വൈബിനൊപ്പം എ.സി.പിയും ചേർന്നതോടെ ഓണം കളറായി. എ.സി.പി അടക്കം എല്ലാവരും പുത്തൻ ഓണക്കോടിയായി ഒരേ നിറത്തിലുള്ള വസ്ത്രങ്ങളാണ് അണിഞ്ഞിരുന്നത്. സ്റ്റേഷനിലെ തിരക്കുകളെല്ലാം മാറ്റിവച്ച് എല്ലാവരും ഒന്നിച്ചുകൂടി ഓണപ്പാട്ടും ഓണക്കോടിയും ഓണപ്പൂക്കളവും ഓണക്കളികളുമായി പൊലീസ് സ്റ്റേഷനിലെ ഓണാഘോഷം കളറായി. ആഘോഷത്തിലേക്ക് കടന്നുവന്ന മാവേലിയെ കുന്നംകുളം എ.സി.പി: സി.ആ‌ർ.സന്തോഷ്, ചെറുതുരുത്തി സ്റ്റേഷൻ ഓഫീസർ വിനു, എസ്.ഐ: എ.ആർ.നിഖിൽ, തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്വീകരിക്കുകയും സ്റ്റേഷന് മുന്നിൽ തീർത്ത മനോഹരമായ പൂക്കളത്തിന് ചുറ്റും നിന്ന് ഫോട്ടോയും എടുത്താണ് മാവേലി മടങ്ങിയത്. റോഡിലൂടെ മാവേലി വേഷമണിഞ്ഞ് പൊലീസ് സ്റ്റേഷനെത്തിയത് മണി ചെറുതുരുത്തിയായിരുന്നു. തുടർന്ന് നടന്ന കലാവിരുന്നിന് എ.എസ്.ഐമാരായ ജയശ്രീ, കമറുദ്ദീൻ, അജിത്ത്കുമാർ, ജയകുമാർ, സുനിൽകുമാർ, സീനിയർ പൊലീസ് ഓഫീസർമാരായ ബ്രിജേഷ്, ബിസിമിത, പ്രശോഭ്, വിനീത് മോൻ സനൽകുമാർ, അനൂപ്, ഡിജോ വാഴപ്പിള്ളി, ഗിരീഷ്, ജയകുമാർ എന്നിവർ നേതൃത്വം നൽകി.

ചെറുതുരുത്തി പൊലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷം സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും ഒത്തുകൂടലായിരുന്നു.
-സി.ആർ.സന്തോഷ്
(കുന്നംകുളം എ.സി.പി)