1
1

കൊടുങ്ങല്ലൂർ: ഓണക്കാലത്തും വിപണിയിലെ വ്യാജ ഉൽപന്നങ്ങൾ കണ്ടെത്താൻ ഭക്ഷ്യ സുരക്ഷാ വകുപ്പിൽ ആവശ്യത്തിന് ജീവനക്കാരില്ല. ഉയർന്നു നിൽക്കുന്ന വെളിച്ചെണ്ണ വില മറപിടിച്ച് വ്യാജ വെളിച്ചെണ്ണ വ്യാപകമാണ്. വ്യാപാരം നടത്തുന്ന സ്ഥലങ്ങളിലൊന്നും ഒരുവിധ പരിശോധനയും നടക്കുന്നില്ല. വീട്ടാവശ്യത്തിനുള്ള വെളിച്ചെണ്ണ സപ്ലൈകോ വഴി സർക്കാർ നൽകുന്നുണ്ടെങ്കിലും ഓണക്കാലത്ത് അതൊന്നും പോരാത്ത സ്ഥിതിയാണ്.

ഓരോ അസംബ്ലി മണ്ഡലങ്ങൾ കണക്കാക്കിയാണ് ഫുഡ് സേഫ്‌റ്റി ഓഫീസുകൾ പ്രവർത്തിക്കുന്നത്. കൊടുങ്ങല്ലൂർ മണ്ഡലത്തിൽ നഗരസഭ പ്രദേശം, പൊയ്യ, കുണ്ടൂർ, കുഴൂർ, അഷ്ടമിച്ചിറ, അന്നമനട, വെള്ളാങ്ങല്ലൂർ തുടങ്ങിയ ഏഴോളം തദ്ദേശ സ്വയം ഭരണ പ്രദേശങ്ങളാണ് കൊടുങ്ങല്ലൂർ ഫുഡ് സേഫ്‌റ്റി ഓഫീസറുടെ പ്രവർത്തന മേഖല. നിരവധി കടകളും സ്ഥാപനങ്ങളും ഉള്ളതിനാൽ ഇവിടങ്ങളിലെല്ലാം ഓടിയെത്താൻ ഫുഡ് സേഫ്‌റ്റി ഓഫീസർക്ക് കഴിയുന്നില്ല.

ഒരു ഓഫീസറും ഒരു സഹായിയും ഉണ്ടെന്നൊഴിച്ചാൽ മറ്റ് ജീവനക്കാരില്ല. ഇടയ്ക്ക് ജില്ലാ ഫുഡ് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘമെത്തിയാലാണ് ഒരു പരിധി വരെ പരിശോധന നടത്താനാകുക. ഭക്ഷ്യസുരക്ഷാ വകുപ്പിൽ ജീവനക്കാരില്ലാതെയായിട്ട് വർഷങ്ങളേറെയായി. കൂടുതൽ പേരെ ജോലിക്കെടുക്കാൻ ജീവനക്കാർ ആവശ്യപ്പെടുന്നുണ്ടെങ്കിലും നടപടിയൊന്നുമാകുന്നില്ല. കൊടുങ്ങല്ലൂരിലും കയ്പമംഗലത്തുമുള്ള ഫുഡ് സേഫ്റ്റി ഓഫീസർമാർ രണ്ടും വനിതകളാണ്. ഇവർക്ക് ഗ്രാമപ്രദേശങ്ങളിലടക്കം തനിയെ എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ള സ്ഥലങ്ങൾ നിരവധിയാണ്.