1
1

വടക്കാഞ്ചേരി : രണ്ടര വർഷമായി അടഞ്ഞുകിടക്കുന്ന വിരുപ്പാക്ക സഹകരണ സ്പിന്നിംഗ് മിൽ ഉടൻ തുറന്ന് പ്രവർത്തനം പുനരാരംഭിക്കാൻ നീക്കങ്ങൾ സജീവം. മിൽ തുറക്കുന്നതിന് മുന്നോടിയായി കാട് പിടിച്ചുകിടക്കുന്ന മിൽ കോമ്പൗണ്ട് വൃത്തിയാക്കുന്ന നടപടികൾക്ക് തുടക്കമായി. തെക്കുംകര പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മണ്ണ് ജല സംരക്ഷണ പ്രവർത്തനത്തിൽ ഉൾപ്പെടുത്തി 4,94,016 രൂപ ചെലവഴിച്ച് 1216 തൊഴിൽ ദിനങ്ങളിലായാണ് മിൽ കോമ്പൗണ്ട് വൃത്തിയാക്കുന്ന പ്രവർത്തനം പൂർത്തിയാക്കുക. അടുത്ത ദിവസം തന്നെ മെഷിനറികളുടെ അറ്റകുറ്റപ്പണി നടത്തി അവ ഊർജ്ജസ്വലമാക്കുന്ന നടപടിയിലേക്ക് മാനേജുമെന്റ് കടക്കുമെന്നാണ് ലഭ്യമാകുന്ന സൂചന.
അതേസമയം മില്ലിന് ഗുഡ്‌സ് ആൻഡ് സർവീസ് ടാക്‌സ് ജി.എസ്.ടി ഇനത്തിൽ ലഭിക്കാനുള്ളത് ഒരു കോടി 70 ലക്ഷം രൂപയാണ്. മിൽ മാനേജുമെന്റ് നൽകിയ അപേക്ഷ തള്ളിക്കൊണ്ട് പുതിയ ജി.എസ്.ടി എടുക്കാനാണ് നിർദ്ദേശിച്ചിട്ടുള്ളത്. അത് അംഗീകരിച്ചാൽ ഭീമമായ കുടിശ്ശിക തുക നഷ്ടമാകും. അതിനെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് മാനേജുമെന്റിന്റെ തീരുമാനം.

ആദ്യ ദിനത്തിൽ പങ്കാളിയായത് 29 തൊഴിലാളികൾ
മിൽ കോമ്പൗണ്ട് വൃത്തിയാക്കുന്ന പ്രവർത്തനത്തിൽ ആദ്യദിനം പങ്കാളിയായത് 29 തൊഴിലാളികളാണ്. ശുചീകരണം സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി.വി.സുനിൽകുമാർ അദ്ധ്യക്ഷനായി. കമ്പനി എം.ഡി:എബി തോമസ്, വൈസ് പ്രസിഡന്റ് ഇ.ഉമാലക്ഷ്മി, വി.സി.സജീന്ദ്രൻ, പി.ആർ.രാധാകൃഷ്ണൻ, എൻ.കെ.പ്രമോദ്കുമാർ, പി.മൊയ്തു, വി.അഞ്ജുരാജ്, എ.സി.കണ്ണൻ, വി.ജി.സുരേഷ് എന്നിവർ സംസാരിച്ചു.

മിൽ തുറന്ന് പ്രവർത്തനം പുനരാരംഭിക്കാൻ ഊർജിത നടപടി സ്വീകരിച്ച് വരികയാണ്. പുത്തൻ പ്രതീക്ഷാ കണിക രൂപ പ്പെട്ട് കഴിഞ്ഞു. ഈ ഊർജത്തോടെ എല്ലാവരും ഒത്തൊരുമിച്ച് മുന്നോട്ട് പോയാൽ മുന്നിലുള്ള പ്രതിസന്ധി മറികടക്കാനാകും.
-സേവ്യർ ചിറ്റിലപ്പിള്ളി
(എം.എൽ.എ)