എരുമപ്പെട്ടി : കരിയന്നൂർ കാവിൽവട്ടം റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് എ.ഇയെ കാണാനെത്തിയ കരിയന്നൂർ നിവാസികളോടും വാർഡ് മെമ്പറോടും പ്രസിഡന്റ് ബസന്ത് ലാൽ ധിക്കാരമായി പെരുമാറിയെന്നും കരിയന്നൂർ നിവാസിയുടെ ഫോൺ പിടിച്ചുവാങ്ങിയെന്നും ആക്ഷേപം. നടപടി ചോദ്യം ചെയ്ത കടവല്ലൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് എൻ.കെ.കബീറിനെതിരെ ബസന്ത് ലാൽ കള്ളക്കേസ് നൽകിയതായും കോൺഗ്രസ് എരുമപ്പെട്ടി പാർലമെന്ററി പാർട്ടി കമ്മിറ്റി ആരോപിച്ചു. നടപടിയിൽ കോൺഗ്രസ് എരുമപ്പെട്ടി പാർലമെന്ററി പാർട്ടി കമ്മിറ്റി ശക്തമായ പ്രതിഷേധം അറിയിച്ചു. എരുമപ്പെട്ടി പാർലമെന്ററി പാർട്ടി ലീഡർ എം.കെ.ജോസ്, എം.എം.സലീം, എം.സി.ഐജു, സുധീഷ് പറമ്പിൽ, മാധവൻ, റീന വർഗീസ്, മേഗി അലോഷ്യസ്, റിജി, സതി മണികണ്ഠൻ എന്നിവർ സംസാരിച്ചു.
അതേസമയം എൻ.കെ.കബീറിന്റെ നേതൃത്വത്തിൽ ഒരു കൂട്ടം ക്രിമിനൽ സംഘം പഞ്ചായത്തിൽ പതിവായി പ്രശ്‌നങ്ങളുണ്ടാക്കുമായിരുന്നെന്ന് പഞ്ചായത്ത് പ്രസിഡന്റ് എസ്.ബസന്ത് ലാൽ പറഞ്ഞു. കായികമായി നേരിടാനുള്ള ശ്രമമുണ്ടായപ്പോൾ പൊലീസിൽ അറിയിക്കുകയും അവരെത്തി രംഗം ഒതുക്കുകയുമാണുണ്ടായതെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.