വേലൂർ: തലക്കോട്ടുകര-കൈപ്പറമ്പ് റോഡിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് വേലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാ എൻജിനിയറിംഗ് കോളേജിന് മുന്നിൽ പ്രതിഷേധ തെരുവ് നാടകം നടത്തി. 'ദേ മാവേലി കുഴിയിൽ' എന്ന് പേരിട്ട നാടകം വേറിട്ട പ്രതിഷേധത്തിന് വേദിയായി. പാതാളത്തിൽ നിന്ന് നേരിട്ട് റോഡിലെ കുഴിയിലൂടെ പ്രത്യക്ഷപ്പെട്ട മഹാബലി, ജീവൻ പണയംവച്ച് യാത്ര ചെയ്യുന്ന വിദ്യാർത്ഥികൾക്കും നാട്ടുകാർക്കും 'സി മെഡലുകളും' കുഴികൾ സംരക്ഷിച്ചുനിറുത്തുന്ന അധികാരികൾക്ക് 'കെ-പാള അവാർഡുകളും' നൽകുന്നതായിരുന്നു നാടകത്തിന്റെ പ്രമേയം. ജനകീയ ശിക്ഷ നടപ്പാക്കുന്ന രംഗങ്ങളോടെയാണ് നാടകം അവസാനിച്ചത്.
പ്രതിഷേധ യോഗവും തെരുവ് നാടകവും ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സുരേഷ് മമ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഫ്രഡി ജോൺ അദ്ധ്യക്ഷനായിരുന്നു. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് പി.പി.യേശുദാസ് നാടക രചനയും സംവിധാനവും നിർവഹിച്ചു. കെ.പി.സി.സി വിചാർ വിഭാഗം വേലൂർ ചെയർമാൻ ജോജു പനയ്ക്കൽ മഹാബലിയുടെ വേഷമിട്ടു. കുന്നംകുളം നിയോജക മണ്ഡലം ചെയർമാൻ സൈമൺ പാടൂർ ചാലക്കൽ എം.എൽ.എയായും പഞ്ചായത്ത് മെമ്പർമാരായ അനിൽ, സ്വപ്ന രാമചന്ദ്രൻ, വിജിനി ഗോപി, സണ്ണി വടക്കൻ, സജീഷ് വിജയൻ, റോഗൺ എന്നിവർ വിവിധ വേഷങ്ങൾ കൈകാര്യം ചെയ്തു. നിതീഷ് ചന്ദ്രൻ, സിജു പാപ്പച്ചൻ, മനു കണ്ടരശ്ശേരി, ജോസ് വടക്കൻ, ബിജു പോൾ, വിശ്വനാഥൻ പടിഞ്ഞാറോട്ട്, സുരേഷ് പാലായിൽ എന്നിവർ പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നൽകി.