വടക്കാഞ്ചേരി : വാഴാനി ഓണം ഫെസ്റ്റിനോട് അനുബന്ധിച്ച് കെ.എസ്.ആർ.ടി.സിയുടെ സ്‌പെഷ്യൽ സർവീസ് ഇന്ന് മുതൽ ആരംഭിക്കും. 10 ദിവസമാണ് സർവീസ്. നിയോജക മണ്ഡലത്തിലെ മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ബസ് എത്തും. ഇന്ന് ഉച്ചതിരിഞ്ഞ് 3.30ന് തൃശൂരിൽ നിന്ന് ആരംഭിക്കുന്ന സർവീസ് അത്താണി പറമ്പായി വഴി പൂമല ഡാമിലെത്തും. തിരിച്ച് അഞ്ചീട്ടി വഴി ചെപ്പാറ, നായരങ്ങാടി കുറാഞ്ചേരി എങ്കക്കാട് വഴി 4.45ന് വാഴാനിയിലെത്തും. 5.30ന് വാഴാനിയിൽ നിന്ന് പുറപ്പെട്ട് പുന്നംപറമ്പ്, തെക്കുംകര വഴി ഓട്ടുപാറയിലെത്തും. 6.10ന് എങ്കക്കാട് വഴി വീണ്ടും വാഴാനി ഡാമിലെത്തുന്ന ബസ് 7ന് പുറപ്പെട്ട് എങ്കക്കാട് വഴി വടക്കാഞ്ചേരിയിലെത്തും. 7.30ന് വടക്കാഞ്ചേരിയിൽ നിന്ന് പുറ്റപ്പെട്ട് ഓട്ടുപാറ, തെക്കുംകര വഴിയാണ് വാഴാനിയിലെത്തുക. 8.30ന് വാഴാനിയിൽ നിന്ന് എങ്കക്കാട് വഴിയാണ് വടക്കാഞ്ചേരി സർവീസ്. 9ന് എങ്കക്കാട് വഴി തന്നെ വാഴാനിയിലെത്തുന്ന ബസ് 9.45ന് എങ്കക്കാട് വഴി തൃശൂരിലേക്ക് സർവീസ് നടത്തും. ഫ്‌ളാഗ് ഓഫ് ഇന്ന് കാലത്ത് 10ന് ഓട്ടുപാറയിൽ വച്ച് സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ നിർവഹിക്കും. ഡാമും പരിസരവും വൈദ്യുത ദീപാലങ്കാരത്തിന്റെ വർണ ഭംഗിയിലാണ്. സ്വിച്ച് ഓൺ കർമ്മം ഇന്ന് വൈകീട്ട് 6ന് നടക്കും.