തൃശൂർ: ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും ജില്ലാ ഭരണകൂടവും കോർപറേഷനും സംയുക്തമായി നടത്തുന്ന ഓണാഘോഷ പരിപാടികൾ ഇന്ന് മുതൽ എട്ട് വരെ തേക്കിൻകാട് മൈതാനത്ത് നായ്ക്കനാലിന് സമീപം നടക്കും. ഇന്ന് വൈകിട്ട് അഞ്ചിന് മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും. മന്ത്രി ഡോ.ആർ.ബിന്ദു അദ്ധ്യക്ഷത വഹിക്കും.
കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി മുഖ്യാതിഥിയാകും. പുരുഷോത്തമൻ പനങ്ങാട്ടുകര അവതരിപ്പിക്കുന്ന പഞ്ചവാദ്യം, സംഗീത നിശ, തിരുവാതിരക്കളി എന്നിവ നടക്കും. തിരുവോണ ദിനത്തിൽ മിമിക്രി വൺമാൻ ഷോ, തിരുവാതിരക്കളി എന്നിവയും ഉണ്ടാകും. ശനിയാഴ്ച ജയചന്ദ്രൻ സ്മൃതി ഗാനസന്ധ്യ, ഗസൽ, ഏഴിന് തോൽപ്പാവക്കൂത്ത്, സംഗീത വിരുന്ന് എന്നിവ നടക്കും. സമാപന ദിനമായ എട്ടിന് വൈകിട്ട് നാലോടെ പുലിക്കളിയാരംഭിക്കും.