1
1

വടക്കാഞ്ചേരി : മൊബൈൽ ലഹരിക്ക് അടിപ്പെടാതിരിക്കാൻ കുഞ്ഞ് പ്രായത്തിൽതന്നെ പിതാവ് മകനെ പഠിപ്പിച്ചത് കാർഷിക വൃത്തി. പിതാവിന് മകൻ തിരിച്ച് സമ്മാനിച്ചത് ഏറ്റവും മികച്ച വിദ്യാർത്ഥി കർഷകനുള്ള പുരസ്‌കാരം. സംസ്ഥാനത്തെതന്നെ മാതൃകാ കർഷകരിലൊരാളായ വടക്കാഞ്ചേരി മങ്കര കുണ്ടുപറമ്പിൽ നാസറിന്റെയും ഷെമീറയടേയും മകൻ മുഹമ്മദ് നിഹാൽ (11) ഇത്തവണ സർക്കാരിന്റെ ഓണച്ചന്തയിലേക്ക് നൽകിയത് പയർ, വെണ്ട, വഴുതന, പച്ചമുളക് അടക്കം 50 കിലോയോളം ജൈവ പച്ചക്കറിയാണ്. വീടിനടുത്തുള്ള പിതാവിന്റെ പാടശേഖരത്തിലാണ് വടക്കാഞ്ചേരി ക്ലേലിയ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയുടെ പച്ചക്കറിക്കൃഷി. നന, വളമിടൽ, കള പറിക്കൽ എല്ലാം പഠന സമയങ്ങളിലെ ഇടവേളകളിലാണ്. നഗരസഭ ഇത്തവണ മികച്ച വിദ്യാർത്ഥി കർഷകനായി തിരഞ്ഞടുത്തത് ഈ കൊച്ചുമിടുക്കനെയാണ്. കൃഷിയിടത്തിൽ കഴിഞ്ഞ ദിവസം ഉത്സവ ലഹരിയിലായിരുന്നു വിളവെടുപ്പ്. ചന്തയിൽ നഗരസഭാ വൈസ് ചെയർപേഴ്‌സൺ ഒ.ആർ.ഷീലാമോഹൻ ഉത്പ്പന്നങ്ങൾ ഏറ്റുവാങ്ങി. തന്റെ വിയർപ്പിന്റെ പ്രതിഫലമായി കുഞ്ഞികൈ നിറയെ പണം ലഭിച്ചപ്പോൾ മുഹമ്മദ് നിഹാലിന്റെ മുഖത്ത് വിരിഞ്ഞ പുഞ്ചിരിക്ക് ഓണനിലാവിനേക്കാൾ അഴകുണ്ടായിരുന്നു. കൂടുതൽ സ്ഥലത്തേക്ക് കൃഷി വ്യാപിപ്പിച്ച് പിതാവിനേക്കാൾ മികച്ച കർഷകനാകുന്നതോടൊപ്പം ഉയർന്ന വിദ്യാഭ്യാസവും നേടണമെന്നതാണ് സ്വപ്‌നം.