1
1

കൊടുങ്ങല്ലൂർ: ശ്രീനാരായണ ഗുരുദേവന്റെ 171ാമത് ജയന്തി എസ്.എൻ.ഡി.പി യോഗം കൊടുങ്ങല്ലൂർ യൂണിയൻ ഏഴിന് വിവിധ പരിപാടികളോടെ അതിപുലമായി ആഘോഷിക്കും. ജയന്തി ദിനത്തിൽ രാവിലെ 9 ന് യൂണിയൻ ഗുരുമന്ദിരത്തിൽ നടക്കുന്ന ഗുരുപൂജയോടെ എഴുപത്തിയൊമ്പത് ശാഖകളിലും ഗുരുപൂജ, പ്രാർത്ഥന, സമൂഹാർച്ചന, ഗുരുദേവ കൃതികളുടെ പാരായണം, പ്രഭാഷണം, വിദ്യാഭ്യാസ അവാർഡ് വിതരണം, ആദരിക്കൽ എന്നിവ നടക്കും. ഉച്ചയ്ക്ക് മൂന്നോടെ ശാഖയിൽ നിന്നുള്ള പ്രവർത്തകർ മുഗൾ മാൾ പരിസരത്തേക്ക് എത്തിച്ചേരും. തുടർന്ന് വൈകീട്ട് നാലിനാരംഭിക്കുന്ന വർണ്ണ ശബളമായ ജയന്തി മഹാഘോഷ യാത്രയ്ക്ക് തുടക്കം കുറിക്കും. വാദ്യമേളങ്ങളും, വർണക്കുടകളും നിശ്ചല ദൃശ്യങ്ങളും ഘോഷയാത്രയ്ക്ക് മാറ്റുകൂട്ടും. സമാപനസമ്മേളനം കാവിൽ തെക്കേ നടയിലുള്ള നവരാത്രി മണ്ഡപത്തിൽ നടക്കും. കൊടുങ്ങല്ലൂർ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് വി.കെ.രാജു ഉദ്ഘാടനം നിർവഹിക്കും. സി.പി.ജോൺ മുഖ്യപ്രഭാഷണം നടത്തും. യൂണിയൻ ചെയർമാൻ പി.കെ.രവീന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. യോഗം കൗൺസിലർ പി.കെ.പ്രസന്നൻ സ്വാഗതം പറയും. വിവിധ മത്സര വിജയികൾക്ക് യോഗം കൗൺസിലർ ബേബി റാം സമ്മാനദാനവും വിവിധ രംഗങ്ങളിൽ മികവ് പുലർത്തിയവർക്കുള്ള ആദരിക്കൽ ചടങ്ങും നിർവഹിക്കും. മുൻ എം.എൽ.എയും യൂണിയൻ മുൻ പ്രസിഡന്റുമായ ഉമേഷ് ചള്ളിയിൽ ഭദ്രദീപം തെളിക്കും. വനിതാ സംഘം യൂണിയൻ പ്രസിഡന്റ് ജോളി ഡിൽഷൻ നന്ദി പറയും. ജയന്തി ദിന അവലോകനയോഗത്തിൽ യൂണിയൻ ചെയർമാൻ പി.കെ.രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ പി.കെ.പ്രസന്നൻ, യോഗം കൗൺസിലർ ബേബി റാം, അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റിയംഗങ്ങളായ ഡിൽഷൻ കൊട്ടേക്കാട്ട്, എം.കെ.തിലകൻ, കെ.ഡി.വിക്രമാദിത്യൻ, ദിനിൽ മാധവ് തുടങ്ങിയവർ പ്രസംഗിച്ചു.