
തൃശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് തൃശൂർ കളക്ടറായിരുന്ന വി.ആർ.കൃഷ്ണതേജയ്ക്ക് രണ്ടിടത്ത് വോട്ടുണ്ടായിരുന്നുവെന്ന് സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗവും തൃശൂരിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയുമായിരുന്ന വി.എസ്. സുനിൽ കുമാർ ആരോപിച്ചു. കളക്ടറുടെ സ്വദേശമായ ആന്ധ്രാപ്രദേശിലെ ചിലകലുരിപെട്ടിലും തൃശൂരിലുമാണ് വോട്ടർപ്പട്ടികയിൽ പേരുണ്ടായിരുന്നത്.
തൃശൂർ മണ്ഡലത്തിൽ വോട്ടർപ്പട്ടികയിൽ കൃത്രിമം നടത്തിയതായി ഇതിനകം തെളിവുകൾ സഹിതം പുറത്തുവന്നിട്ടും തിരഞ്ഞെടുപ്പ് കമ്മിഷൻ യാതൊരു നിയമനടപടിയും സ്വീകരിച്ചിട്ടില്ല. 1950ലെ ജനപ്രാതിനിദ്ധ്യ നിയമപ്രകാരം ഒരു വ്യക്തി ഒരേസമയം ഒന്നിലധികം മണ്ഡലങ്ങളിൽ വോട്ടറായിരിക്കുന്നത് ശിക്ഷാർഹമായ കുറ്റമാണെന്നതിനാൽ കോൺഗ്രസ് നേതാവ് പവൻ ഖേരയ്‌ക്ക് കമ്മിഷൻ നോട്ടീസ് അയച്ചിരുന്നു.
എന്നാൽ, ബി.ജെ.പി നേതാക്കൾക്ക് ഒരേസമയം തൃശൂർ മണ്ഡലത്തിലും മറ്റിടങ്ങളിലും വോട്ടർപ്പട്ടികയിൽ പേരുള്ളതിന്റെ വ്യക്തമായ വിവരം പുറത്തുവന്നിട്ടും പരാതി നൽകിയിട്ടും യാതൊരു നടപടിയും കമ്മിഷൻ സ്വീകരിച്ചിട്ടില്ല.