കൊടുങ്ങല്ലൂർ : കുരുംബ ഭഗവതി ക്ഷേത്രത്തിലെ കാഴ്ച്ചക്കുല സമർപ്പണവും പുത്തരി നിവേദ്യവും പുത്തരി സദ്യയും ഉത്രാടം നാളിൽ നടന്നു. പന്തീരടി പൂജയ്ക്ക് ശേഷം പുത്തരിയോടനുബന്ധിച്ച് അരിയളക്കൽ ചടങ്ങ് രാവിലെ ഏഴരയ്ക്ക് ക്ഷേത്രം കലവറയ്ക്ക് സമീപം ക്ഷേത്രം പാട്ടമാളി നാരായണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ നടന്നു. എട്ടിന് കല്ലൂർ ജയന്റെ പ്രമാണത്തിലുള്ള ഉത്രാട പഞ്ചാരി മേളത്തിന്റെ അകമ്പടിയോടെ വടക്കേ നടയിൽ ദീപസ്തംഭത്തിന് സമീപം തൂശനിലയിൽ അരിമാവണിഞ്ഞ്, നിറപറയുടെയും അഞ്ച് തിരിയിട്ട് കത്തിച്ച നെയ് വിളക്കിന്റെയും സാന്നിദ്ധ്യത്തിൽ കാഴ്ചക്കുല സമർപ്പണം നടന്നു.

പുത്തരി നിവേദ്യത്തിന് നാലും വച്ച കറികളും ഉപ്പുമാങ്ങയും ചതുശ്ശത പായസവും തിടപ്പിള്ളിയിൽ പ്രത്യേകം തയ്യാറാക്കി ഉഴിഞ്ഞ കെട്ടിയ വെള്ളി ഉരുളിയിലാക്കി ശ്രീകോവിലിലേക്ക് എഴുന്നള്ളിച്ച് മേൽശാന്തി പായ്ക്കാട് രാജേന്ദ്രൻ നമ്പൂതിരി പ്രത്യേകം പൂജകൾ നടത്തി ഭഗവതിക്ക് നിവേദിച്ചു. 11ന് വിഭവ സമൃദ്ധമായ ഉത്രാടസദ്യ ആരംഭിച്ചു. 2000ൽ അധികം പേർ പ്രസാദയൂട്ടിൽ പങ്കാളികളായി. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.രവീന്ദ്രൻ, സെക്രട്ടറി പി.ബിന്ദു, ഡെപ്യൂട്ടി കമ്മിഷണർ സുനിൽ കർത്ത, അസിസ്റ്റന്റ് കമ്മിഷണർ എം.ആർ.മിനി, ദേവസ്വം മാനേജർ കെ.വിനോദ്, സത്യധർമ്മൻ അടികൾ, കോവിലകം പ്രതിനിധി എന്നിവർ നേതൃത്വം നൽകി.