വടക്കാഞ്ചേരി : നിയോജകമണ്ഡലത്തിൽ 13 കൂടി രൂപയുടെ ടൂറിസം വികസന പദ്ധതികൾ പുരോഗമിക്കുകയാണെന്ന് സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പ്രകൃതി ഭംഗിയുടെ ഇടമായ മിനി ഊട്ടിയെ വിനോദസഞ്ചാരികളെ കൂടുതൽ ആകർഷിക്കുന്ന വിധം രൂപപ്പെടുത്തുന്നതിന് നടപടി സ്വീകരിച്ചു വരികയാണ്. ആവശ്യമായ തുകയിൽ 40 ശതമാനം തെക്കുംകര പഞ്ചായത്തും 60 ശതമാനം സംസ്ഥാന സർക്കാരും വഹിക്കും. പദ്ധതിക്ക് ഭരണാനുമതി ലഭിച്ചു. വടക്കാഞ്ചേരി ടൂറിസം കോറിഡോറിൽ ഈ പദ്ധതി കൂടി ഉൾപ്പെടുത്തും. വിലങ്ങൻകുന്നിൽ 3 കോടി 45 ലക്ഷം രൂപയുടെ പദ്ധതി നടപ്പാക്കും. പൂമല ടൂറിസം മുന്നേറ്റത്തിനായി മൂന്നേമുക്കാൽ കോടിയുടെ പദ്ധതിയാണ് ആവിഷ്കരിച്ചിട്ടുള്ളത്. വാഴാനി ഡാമിൽ സംഗീത ജലധാരയുടെ പ്രവർത്തനം അന്തിമ ഘട്ടത്തിലാണ്. കൺട്രോൾ റൂം, പൂൾ, കിണർ നിർമ്മാണ പ്രവർത്തനം പൂർത്തിയായി. ഒന്നരക്കോടിയുടെ ഉപകരണങ്ങൾ എത്തിയിട്ടുണ്ട്. വാഴാനി ടൂറിസം ഫെസ്റ്റ് ഇത്തവണ 6 മുതൽ 9 വരെയാണ്. തെക്കുംകര പഞ്ചായത്തും തൃശൂർ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും (ഡി.ടി.പി.സി) സംയുക്ത നേതൃത്വം നൽകും. 6ന് വൈകീട്ട് 6ന് മന്ത്രി ആർ.ബിന്ദു ഉദ്ഘാടനം ചെയ്യും. തുടർന്ന് നാടൻപാട്ട് നടക്കും. 9 വരെ നൃത്ത നിലാവ്, തദ്ദേശീയരുടെ കലാപരിപാടികൾ, ഗാനമേള ഉണ്ടാകും. 7ന് ചെപ്പാറയിലും കലാപരിപാടികൾ ഉണ്ടാകും. 9ന് വൈകിട്ട് സമാപന സമ്മേളനം എ.സി.മൊയ്തീൻ എം.എൽ.എ നിർവഹിക്കും. ഡാം അടുത്ത ദിവസം ദീപാലങ്കാര പ്രഭയിൽ നിറയും. തെക്കുംകര പഞ്ചായത്ത് ഓഫീസിൽ നടന്ന വാർത്താസമ്മേളനത്തിൽ പ്രസിഡന്റ് ടി.വി.സുനിൽകുമാർ, വൈസ് പ്രസിഡന്റ് ഇ.ഉമാലക്ഷ്മി, സ്ഥിരംസമിതി അദ്ധ്യക്ഷൻ പി.ആർ.രാധാകൃഷ്ണൻ, മെമ്പർമാരായ എ.ആർ.കൃഷ്ണൻകുട്ടി, കെ.രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു.