kpem

കയ്പമംഗലം: നബിദിനത്തെ വരവേൽക്കാൻ വിപുലമായ ഒരുക്കം. വ്യത്യസ്തമായ പരിപാടികളോടെയാണ് ചളിങ്ങാട് നബിദിനം ആഘോഷിക്കുക. ഗ്രാമവീഥികളെല്ലാം വൈദ്യുതി ദീപാലങ്കാരം കൊണ്ടും വർണ്ണ അരങ്ങുകൾകൊണ്ടും തോരണമൊരുക്കി. കാക്കാത്തിരുത്തി ബദർ മസ്ജിദ്, ചളിങ്ങാട് ഒറ്റത്തൈ മസ്ജിദ്, ചളിങ്ങാട് മസ്ജിദ്, ചിറക്കൽ പള്ളി തുടങ്ങി അഞ്ച് കിലോമീറ്ററോളം ദൂരം വർണ്ണാഭമായ വൈദ്യുതി ദീപാലങ്കാരമാണ് ഒരുക്കിയിട്ടുള്ളത്. വിവിധ പള്ളികളുടെ മാതൃകയും തയ്യാറാക്കിയിട്ടുണ്ട്. യുവാക്കളുടെ കൂട്ടായ്മയും ക്ലബ്ബുമാണ് അലങ്കാരങ്ങളും മറ്റു പരിപാടികളും ഒരുക്കിയിട്ടുള്ളത്. നബിദിനത്തിന്റെ ഭാഗമായി സുബ്ഹി നമസ്‌കാരാനന്തരം മൗലീദ് പാരായണം നടക്കും. ഇതിനുശേഷം മദ്രസകൾ കേന്ദ്രീകരിച്ച് പതാക ഉയർത്തലും കുട്ടികളുടെ നബിദിന റാലിയും നടക്കും. ദഫ്മുട്ട്, സ്‌കൗട്ട്, അറബനമുട്ട്, കോൽക്കളി, മദ്ഹ് ഗാനങ്ങൾ എന്നിവ റാലിക്ക് കൊഴുപ്പേകും. നബിദിനത്തോടനുബന്ധിച്ച് ഭക്ഷണ വിതരണവും, കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും.