മാള: കാക്കുള്ളിശ്ശേരി സെന്റ് ജോസഫ് പള്ളിയിൽ ഓണാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച മെഗാ തിരുവാതിരക്കളി ഒരുമയുടെയും സാംസ്‌കാരിക ഐക്യത്തിന്റെയും വർണാഭമായ കാഴ്ചയായി. ഫാദർ ഷാജി തെക്കേക്കര നിലവിളക്കിൽ ദീപം തെളിച്ച് ഉദ്ഘാടനച്ചടങ്ങ് നിർവഹിച്ചു. കൈക്കാരന്മാരായ ഷിബു പാറേക്കാടൻ, ഷാജു മഞ്ഞളി, കേന്ദ്ര സമിതി പ്രസിഡന്റ് സാബു വെമ്പിൽ, പ്രോഗ്രാം കോ ഓർഡിനേറ്റർമാരായ ലിസി ജോസ്, ലിബിയ അന്തോണി, ഫ്രാൻസി സണ്ണി എന്നിവർ ചേർന്ന് ദീപം തെളിച്ചു. മെഗാ തിരുവാതിരക്കളിയുടെ തിരി തെളിക്കൽ ചടങ്ങിൽ പ്രായം കൂടിയ ഷേളി മത്തായി പ്രായം കുറഞ്ഞ എസ്ര ജോസഫും ഒരുമിച്ച് പങ്കെടുത്തു. നൂറിലധികം പേർ പങ്കെടുത്ത തിരുവാതിരക്കളിയും നടന്നു. പരമ്പരാഗത വേഷവിധാനങ്ങളിൽ അണിനിരന്നവർ, താളമേളങ്ങളുടെ അകമ്പടിയോടെ അവതരിപ്പിച്ച തിരുവാതിര ആഘോഷത്തിന്റെ പുതുവർണം പകർന്നു.