വടക്കാഞ്ചേരി : 2023 ഫെബ്രുവരി 6 മുതൽ അടച്ച് പൂട്ടിക്കിടക്കുന്ന വിരുപ്പാക്ക തൃശൂർ കോ-ഓപ്പറേറ്റീവ് സ്പിന്നിംഗ് മിൽ ഉടൻ തുറന്നു പ്രവർത്തിപ്പിക്കാൻ സർക്കാർ നടപടികൾ ഊർജിതം. ദേശീയ സഹകരണ വികസന കോർപ്പറേഷൻ 30 കോടിയിലധികം മുടക്കി സംസ്ഥാന സർക്കാർ സഹകരണത്തോടെ നവീകരണം പൂർത്തിയാക്കുന്നതിനിടെയാണ് കമ്പനി ലേ ഓഫിലായത്. അന്നുമുതൽ പ്രതിസന്ധി പരിഹാരത്തിന് ശ്രമം ആരംഭിച്ചു. ചെയർമാനായി ഡോ.കെ.എസ്.കൃപകുമാറിനെയും എം.ഡിയായി എബി തോമസിനെയും ഡയറക്ടറായി എൻ.കെ.പ്രമോദ് കുമാറിനെയും നിയമിച്ചു. 23 കോടിയുടെ വൈദ്യുതി കുടിശിക എഴുതിത്തള്ളി. രണ്ടര വർഷമായി അടഞ്ഞ് കിടക്കുന്നതിനാൽ എല്ലാം ആദ്യം മുതൽ തുടങ്ങേണ്ട സാഹചര്യമാണ്. ഓഫീസ് പ്രവർത്തനം പുനരാരംഭിച്ചു. സർക്കാരിന്റ പിന്തുണ വലിയ കരുത്താണെന്ന് മിൽ ചെയർമാനും ടെക്സ്റ്റൈൽസ് ആൻഡ് ഹാൻഡ്ലൂം ഡയറക്ടറുമായ ഡോ. കെ.എസ്.കൃപകുമാർ, എം.ഡി: എബി തോമസ് എന്നിവർ അറിയിച്ചു.
മില്ലിനായുള്ള സർക്കാർ നടപടി ഇതുവരെ
കഴിഞ്ഞവർഷം ബഡ്ജറ്റിൽ പ്രഖ്യാപിച്ച നൂറു ലക്ഷം രൂപ ടെക്സ് ഫെഡിന്റെ ട്രഷറി അക്കൗണ്ടിലെത്തി.
കൈത്തറി ഡയറക്ടറുടെ അക്കൗണ്ടിൽ നിന്ന് അനുവദിച്ച 85 ലക്ഷത്തിൽ ആദ്യഗഡു 30 ലക്ഷം രൂപ ലഭിച്ചു.
റവന്യു റിക്കവറി ഒഴിവാക്കാൻ 410 ലക്ഷം രൂപയുടെ ഭരണാനുമതിയായി.
പുതിയ മാനേജരെ നിയമിച്ചു.
പ്ലാന്റിന്റെ മേൽക്കൂര ചോർച്ച അടച്ചു.
ഓഫീസിലേക്ക് ത്രീ ഫേസ് എൽ.ടി.വൈദ്യുതി കണക്്ഷൻ എടുത്തു.
മില്ലിലേക്ക് വെള്ളമെത്തിക്കാൻ കുളത്തിലെ വൈദ്യുതി കണക്്ഷൻ പുനഃസ്ഥാപിച്ചു.
മില്ലിലേക്ക് പുതിയ കണക്്ഷൻ എടുക്കാൻ നടപടിയായി.
എച്ച്.ടി പവർ ലഭിക്കാൻ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ സുരക്ഷാ പരിശോധനയ്ക്ക് നടപടിയായി.
കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനിയറിംഗ് കമ്പനി ലിമിറ്റഡ് (കെൽ) എൻജിനിയർമാർ എത്തി ട്രാൻസ്ഫോർമറുകൾ പരിശോധിച്ചു.
കോട്ടൺ ബോർഡ് വഴി കോട്ട, പോളിസ്റ്റർ എന്നിവ എത്തിച്ച് ആധുനിക മെഷിനറികൾ പ്രവർത്തിപ്പിക്കാൻ നടപടിയായി.
മില്ലിൽ നിന്നും അവസാനം പിരിഞ്ഞുപോയ 25 ജീവനക്കാർക്ക് ലേബർ വെൽഫെയർ ഫണ്ടിൽ നിന്നും ലഭിക്കാനുള്ള തുകയുടെ ചെക്ക് ലഭ്യമായി.