ഇരിങ്ങപ്പുറം: എസ്.എൻ.ഡി.പി യോഗം ഗുരുവായൂർ യൂണിയൻ ഇരിങ്ങപ്പുറം ഈസ്റ്റ് ശാഖയിൽ 171-ാമത് ശ്രീനാരായണ ഗുരുജയന്തി ആഘോഷം വിവിധ പരിപാടികളോടെ ആഘോഷിക്കും. ഇന്ന് രാവിലെ 10ന് ശാഖാ പ്രസിഡന്റ് ലോഹിതാക്ഷൻ കോണ്ടാശ്ശേരി പതാക ഉയർത്തും. അലങ്കരിച്ച ഗുരുമണ്ഡപത്തിൽ ദീപം തെളിച്ച് ഗുരുകീർത്തനാലാപനത്തോടെ വനിതാസംഘത്തിന്റെ നേതൃത്വത്തിൽ ഭജനാവലി ഉണ്ടാകും. തുടർന്ന് 11ന് നടക്കുന്ന സമ്മേളനം ഗുരുവായൂർ യൂണിയൻ സെക്രട്ടറി പി.എ.സജീവൻ ഉദ്ഘാടനം ചെയ്യും. യൂണിയൻ കൗൺസിലർ കെ.കെ.രാജൻ അദ്ധ്യക്ഷനാകും. മുൻ യോഗം അസിസ്റ്റന്റ് സെക്രട്ടറി വി.എം.ശശി (കോട്ടയം) മുഖ്യപ്രഭാഷണം നടത്തും. യൂണിയൻ ഡയറക്ടർ ബോർഡ് അംഗം പി.പി.സുനിൽകുമാർ (മണപ്പുറം) ജയന്തി സന്ദേശം നൽകും. ശാഖാ സെക്രട്ടറി സദാനന്ദൻ താമരശ്ശേരി, വനിതാസംഘം പ്രസിഡന്റ് സിന്ദു ബാബു, സെക്രട്ടറി ഉഷാ ശിവദാസൻ എന്നിവർ സംസാരിക്കും. എസ്.എസ്.എൽ.സി, പ്ലസ് ടൂ, ഡിഗ്രി, പി.ജി എന്നി പരീക്ഷകളിൽ വിജയം കൈവരിച്ചവരെ അനുമോദിക്കും. ഒപ്പംതന്നെ ശാഖാ അംഗങ്ങളിൽ 70 വയസിന് മുകളിൽ പ്രായം ചെന്നവരേയും ആദരിക്കും. തുടർന്ന് നിർദ്ധനരായ കുടുംബങ്ങളിലെ രോഗബാധിതരായവർക്ക് ചികിത്സാസഹായവും നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.