
കയ്പമംഗലം: മൊബൈൽ ഷോപ്പിൽ നിന്നും 17000 രൂപ വിലയുള്ള ഫോൺ വാങ്ങിയ ശേഷം വ്യാജ പേയ്‌മെന്റ് ആപ്പ് വഴി പണം അടച്ച രസീത് കാണിച്ച് തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റിൽ. പെരിഞ്ഞനം സ്വദേശി എള്ളുംപറമ്പിൽ വീട്ടിൽ അഹമ്മദ് (18) നെയാണ് മതിലകം പൊലീസ് അറസ്റ്റ് ചെയ്തത്. മതിലകം സെന്ററിൽ പ്രവർത്തിക്കുന്ന മൊബൈൽ പാർക്ക് എന്ന കടയിലാണ് യുവാവ് തട്ടിപ്പ് നടത്താൻ ശ്രമിച്ചത്. സംശയം തോന്നിയ ഉടമ ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് പണം വന്നിട്ടില്ലെന്ന് മനസ്സിലായത്. ഉടൻ തന്നെ ഇയാളെ തടഞ്ഞ് വച്ച് പൊലീസിൽ അറിയിക്കുകയായിരുന്നു. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും. മതിലകം പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ എ.കെ.ഷാജി, എസ്.ഐ അശ്വിൻ റോയ്, ജി.എസ്.സി.പി.ഒ. മാരായ സനീഷ്, ഷനിൽ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.