photo

തൃശൂർ: പുലികളിക്ക് മുന്നോടിയായുള്ള കുമ്മാട്ടിക്കൂട്ടങ്ങൾ കളം നിറഞ്ഞു. കിഴക്കുംപാട്ടുകര എസ്.എൻ.എയുടെ മുമ്പിൽ നിന്നാണ് തെക്കുംമുറി ദേശകുമ്മാട്ടികൾ ഇറങ്ങിയത്. നാഗസ്വരം,തെയ്യം, തിറ, നാടൻ കലാരൂപങ്ങൾ വിവിധ വാദ്യങ്ങൾ എന്നിവയുടെ അകമ്പടിയോടെ കുമ്മാട്ടികൾ നിറഞ്ഞാടിയപ്പോൾ ഘോഷയാത്ര കാണാനും കൂടെ കൂടാനും നിരവധി പേരെത്തി. എസ്.എൻ.എയുടെ മുമ്പിൽ നിന്നാരംഭിച്ച് കിഴക്കുംപാട്ടുകര, പനംമുക്കംപള്ളി ക്ഷേത്രം എന്നീ ദേശങ്ങളിലൂടെ സഞ്ചരിച്ച് എസ്.എൻ.എയുടെ മുമ്പിലെത്തിയാണ് സമാപിച്ചത്. പർപ്പിടകപ്പുല്ല് മെടഞ്ഞ് ശരീരത്തിൽ വച്ചുകെട്ടി വിവിധ പൊയ്മുഖങ്ങളോടെയാണ് കുമ്മാട്ടികൾ ഇറങ്ങിയത്. കിഴക്കുംപാട്ടുകര വടക്കുംമുറി കുമ്മാട്ടി മഹോത്സവം ഇന്ന് നടക്കും. വിവിധ സംഘടനകളുടെ സഹകരണത്തോടെ ജനകീയമാക്കിയാണ് കുമ്മാട്ടി മഹോത്സവം നടത്തുന്നത്. നാഗസ്വരം, തെയ്യം, തിറ, നാടൻകലാരൂപങ്ങൾ, ചെട്ടിവാദ്യം, ബാന്റ് സെറ്റ്, ശിങ്കാരിമേളം , തംബോലം, തുള്ളൽവാദ്യം, പ്രഛന്നവേഷങ്ങൾ, നിശ്ചലദൃശ്യങ്ങൾ എന്നിവയുടെ അകമ്പടിയോടെ വനിതകളടക്കം അമ്പതോളം കുമ്മാട്ടികൾ ദേശത്തെ ഇളക്കിമറിക്കും. ഇന്ന് ഉച്ചയ്ക്ക് രണ്ടിന് പനമുക്കംപള്ളി ശ്രീ ധർമശാസ്തക്ഷേത്രാങ്കണത്തിൽ നിന്ന് ഘോഷയാത്രയോടെ കുമ്മാട്ടിയാഘോഷം ആരംഭിക്കും.